ആർടി ഓഫിസിൽ നിന്നുള്ള തപാൽ ഉരുപ്പടികൾ ഏറ്റെടുത്തു തുടങ്ങി

പൊൻകുന്നം∙ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ചില്ലെങ്കിലും കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടി ഓഫിസിൽ നിന്നുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റ് ഓഫിസ് അധികൃതരെത്തി ഇന്നലെ മുതൽ കൊണ്ടുപോകാൻ ആരംഭിച്ചു. പൊൻകുന്നം പോസ്റ്റ് ഓഫിസ് അധികൃതർ ആർടി ഓഫിസിൽ നിന്നു തപാൽ ഉരുപ്പടികൾ ശേഖരിച്ച് കാഞ്ഞിരപ്പള്ളി ഓഫിസിലെത്തിച്ച് അയയ്ക്കുകയാണ് ചെയ്യുന്നത്. പോസ്റ്റ് ഓഫിസിലെ സോഫ്റ്റ്‌വെയർ തകരാറിലായി തപാൽ ഉരുപ്പടികൾ അയയ്ക്കാനാവാതെ വന്നതോടെ ആർടി ഓഫിസിൽ ഫയലുകൾക്കൊപ്പം പരാതിയും കുമിഞ്ഞു കൂടിവരികയായിരുന്നു.

ഇതിനിടയിൽ രേഖകൾ തപാലിൽ കിട്ടാതെ വന്ന വീട്ടമ്മ ആർടി ഓഫിസിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ജൂലൈ അവസാന ആഴ്ചമുതലാണ് ഉരുപ്പടികൾ അയയ്ക്കുന്നതിന് പ്രശ്നം നേരിട്ടത്. പോസ്റ്റ് ഓഫിസുകളിൽ പുതിയ സോഫ്റ്റ് വെയർ ഘടിപ്പിച്ചതിനെ തുടർന്ന് പഴയ രീതിയിൽ ഒരുമിച്ച് കംപ്യൂട്ടറിൽ എന്റർ ചെയ്യുവാൻ കഴിയാതെ വന്നതായിരുന്നു പ്രശ്നമായത്. പുതിയ സോഫ്റ്റ്‌വെയർ എത്തുന്നതോടെ പൊൻകുന്നം പോസ്റ്റ് ഓഫിസിൽ നിന്ന് ഉരുപ്പടികൾ അയയ്ക്കുവാൻ കഴിയുമെന്നും പോസ്റ്റൽ ഡിവിഷൻ അധികൃതർ പറഞ്ഞു.