ആ കള്ളം ജീവിതകാലം മുഴുവന്‍ സച്ചിനെ പിന്തുടരും

monkeygate
2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വിവാദ ടെസ്റ്റ്‌ വീണ്ടും പുകയുന്നു. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ കുരങ്ങന്‍ എന്നുവിളിച്ച്‌ ഹര്‍ഭജന്‍ സിംഗ്‌ അപമാനിച്ച സംഭവമാണ്‌ റിക്കിപോണ്ടിംഗ്‌ ഇപ്പോള്‍ പൊക്കികൊണ്ടു വന്നിരിക്കുന്നത്‌. അന്ന്‌ ഹര്‍ഭജനെ രക്ഷിക്കാന്‍ സംഭവത്തിന്റെ സാക്ഷികൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നുണപറഞ്ഞു എന്നാണ്‌ റിക്കിയുടെ വിമര്‍ശനം

തന്റെ ജീവചരിത്രമായ ദി ക്ലോസ്‌ ഓഫ്‌ പ്ലേ’ എന്ന പുസ്‌തകത്തിലാണ്‌ സച്ചിനെതിരെയുള്ള പോണ്ടിങ്ങിന്റെ വിമര്‍ശനം വന്നിരിക്കുന്നത്‌. സച്ചിന്‍ വിരമിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ്‌ റിക്കി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌.

അടുത്തമാസം തന്റെ ഇരുനൂറാം ടെസ്‌റ്റോടെ വിരമിക്കാന്‍ ഒരുങ്ങുകയാണ്‌ സച്ചിന്‍. വിവാദമത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിന്‌ മാച്ച്‌ റഫറി മെക്ക്‌ പ്രോക്ടര്‍ മൂന്നുകളികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന സച്ചിന്‍ വിലക്കിനെതിരെ ടീം അപ്പില്‍ നല്‍കിയപ്പോള്‍ ജസ്‌റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ മുമ്പാകെ ഹര്‍ഭജന്‌ അനുകൂലമായി കള്ളം പറഞ്ഞു. സച്ചിന്റെ മൊഴിയുടെ ബലത്തില്‍ ഹര്‍ഭജന്‍ കുറ്റവിമുക്തനായി. ഇത്‌ സച്ചിനെ ജീവിതകാലം മുഴുവന്‍ പിന്തുടരുമെന്നും റിക്കി പുസ്‌തകത്തില്‍ പറയുന്നു.

ഇതേവിഷയത്തില്‍ നേരത്തെ ഓസ്‌ട്രേലിയന്‍ വിക്കറ്റ്‌ കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും സച്ചിനെതിരെ രംഗത്തെത്തിയിരുന്നു.