ഇങ്ങനെയൊക്കെ ചെയ്യാമോ ..?

എരുമേലി∙ കൃത്രിമ ശ്വസനോപകരണ സഹായത്തോടെ കഴിയുന്ന വയോധികയുടെ ആരോഗ്യനില വഷളായപ്പോൾ വീട്ടിലെത്തി പരിശോധിക്കാൻ ഡോക്ടർ തയാറായെങ്കിലും ഓട്ടം പോകാൻ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചതായി പരാതി. സംഭവം സംബന്ധിച്ചു വെട്ടിയാനിക്കൽ നൗഷാദ് മോട്ടോർ വാഹന വകുപ്പിനു പരാതി നൽകി. നൗഷാദിന്റെ മാതാവ് ശ്വാസകോശരോഗം മൂലം ഗുരുതരമായ അവസ്ഥയിലാണ്.

കൃത്രിമമായി ഓക്സിജൻ നൽകിയാണു ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥിതി കൂടുതൽ വഷളായി. അമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള പ്രയാസം മൂലം ടൗണിലെ ശുശ്രൂഷ ആശുപത്രിയിലെ ഡോ. മുഹമ്മദ് സാലിയുടെ അടുത്തെത്തി വൈഷമ്യം ബോധ്യപ്പെടുത്തി. ഉടൻ തന്നെ ഓട്ടോ വിളിക്കാൻ ഡോക്ടർ നിർദേശിച്ചു.

എന്നാൽ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തി ഓട്ടോ വിളിച്ചപ്പോൾ ഓട്ടോക്കാർ വരാൻ തയാറായില്ലെന്നാണു നൗഷാദിന്റെ പരാതി. ഉടൻ മറ്റൊരു ഓട്ടം പോകാനുണ്ടെന്നായിരുന്നു മറുപടി. മൂന്നാമത്തെ ഓട്ടോക്കാരനാണു സന്നദ്ധനായത്. മാതാവിനെ കാണിച്ചു ഡോക്ടറുമായി തിരികെ വരുമ്പോഴും ഇതേ ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നെന്നും നൗഷാദ് പറയുന്നു. സ്വകാര്യ സ്റ്റാൻഡിലെ ചില ഓട്ടോകൾക്കാണ് ഈ പ്രവണതയെന്നും പരാതിയിൽ പറയുന്നു.