ഇങ്ങനെ ആവണം സഹപാഠികൾ .. മണിമല വീട് .. അഞ്ജലിക്ക് സഹപാഠികകളുടെ സ്നേഹ സമ്മാനം

manimala house

മണിമല: തന്റെ ദുഃഖം അഞ്ജലി ആരോടും പറഞ്ഞില്ല. സങ്കടം സഹിക്കാൻ കഴിയാതെ ഇരുന്നപ്പോൾ അവൾ ക്ലാസ്സ്‌ മുറിയിൽ ഇരുന്നു ആരും കാണാതെ വിങ്ങി പൊട്ടി.. പക്ഷെ അത് മതിയായിരുന്നു അവളുടെ സുഹൃത്തുക്കൾക്ക് അവളുടെ സങ്കടത്തിന്റെ ആഴം അളക്കുവാൻ ..

അച്ഛന്‍ മരിക്കുകയും കിടപ്പിടം ഇല്ലാതാവുകയുംചെയ്ത ദുഃഖത്താല്‍ ക്ലാസ്മുറിയിലി രുന്ന് കരഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിനി അഞ്ജലിക്ക് സഹപാഠികളുടെയും സ്‌കൂള്‍ അധികൃതരുടെയും സുമനസുകളുടെയും സഹായത്താല്‍ വീട് പൂര്‍ത്തിയാവുന്നു.

മണിമല കടയനിക്കാട് വെള്ളച്ചിറവയലിനുസമീപം മടുക്ക കോളനിയില്‍ എം.കെ. മധുവിന്റെയും(അനിയന്‍)സെല്‍വിയുടെയും മകള്‍ എ. അഞ്ജലിക്കാണ് സഹപാഠികളുടെ കൂട്ടായ്മയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാകുന്നത്. വെള്ളച്ചിറവയല്‍, മടുക്ക സെറ്റില്‍മെന്റ് കോളനിയില്‍ ഉണ്ടായിരുന്ന വീടും സ്ഥലവും സമീപത്തെ ക്രഷര്‍ യൂണിറ്റുകാര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് കോത്തലപ്പടിക്കുസമീപം മലമ്പാറയില്‍ നാല്‌സെന്റ് സ്ഥലം മധു വാങ്ങി.

രോഗബാധിതനായിരുന്ന മധു 2012 ഡിസംബര്‍ 13ന് മരിച്ചു. നെടുംകുന്നം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സയന്‍സ്ബാച്ചില്‍ വിദ്യാര്‍ഥിനിയായിരുന്ന അഞ്ജലി പഠിക്കാന്‍ മിടുക്കിയുമായിരുന്നു. കുട്ടി ക്ലാസ്സിലി രുന്ന് കരയുന്നത് എന്തിനെന്ന, സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഡൊമിനിക് ജോസഫിന്റെ അന്വേഷണത്തിലാണ് വിവരങ്ങള്‍ മനസ്സിലായത്. തുടര്‍ന്ന് ഡൊമിനിക് ജോസഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ജെ. ജോസഫിനെ വിവരം അറിയിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമായി അന്‍പതിനായിരത്തോളം രൂപ സമാഹരിച്ച് വീടിന്റെ നിര്‍മാണവേലകള്‍ ഏറ്റെടുത്തു.

എന്നാല്‍ കെട്ടിടനിര്‍മാണം ആരംഭിച്ചതോടെ ഉള്‍പ്രദേശമായതിനാല്‍ ഏറെ ക്ലേശങ്ങള്‍ ഉണ്ടായി. തറപണിയുന്നതിനുള്ള കരിങ്കല്ലുകള്‍ മുതല്‍ സോളിഡ് ഹോളോബ്രിക്‌സ്, മെറ്റില്‍, പാറപ്പൊടി, സിമന്റ് എന്നിവ റോഡില്‍നിന്ന് 200 മീറ്ററിലധികം ദൂരത്തില്‍ എത്തിക്കാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറായി. പ്ലസ്ടു വിദ്യാര്‍ഥികളായ ആകാശ് എന്‍.എസ്., ആതിരമോള്‍ ടി.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിസംഘം മുന്‍കൈ എടുത്തതോടെ വീട് പണി പൂര്‍ണതയിലേക്ക് എത്താറായി.

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സെക്രട്ടറിമാരായ ആകാശിന്റെയും ആതിരയുടെയും നേതൃത്വത്തില്‍ അന്‍പതിലധികം കുട്ടികള്‍ സേവനത്തിന് തയ്യാറായി. 2012 ഏപ്രില്‍ 26ന് ആരംഭിച്ച പദ്ധതി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായതോടെ അനധ്യാപകന്‍ ജോണ്‍സി ഐക്കുളം മുന്‍കൈയെടുത്ത് പലരില്‍നിന്ന് വിവിധ സഹായങ്ങള്‍ ആവശ്യപ്പെട്ടതോടെ വീടുനിര്‍മാണം അവസാനഘട്ടത്തിലെത്തി.

ഒരുലക്ഷത്തിഎഴുപത്തയ്യായിരം രൂപ ചെലവില്‍ രണ്ട് മുറികളും അടുക്കളയും സിറ്റൗട്ടും ബാത്ത്‌റൂം അടക്കമുള്ള കെട്ടിടംപണി പൂര്‍ത്തിയായതോടെ ശനിയാഴ്ച കുട്ടികള്‍തന്നെ വീടിന്റെ പെയിന്റിങ് ജോലികളും മുറ്റവും പരിസരവും വൃത്തിയാക്കുന്നതിനുള്ള ജോലികളും പൂര്‍ത്തിയാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഗൃഹപ്രവേശം നടക്കും.