ഇടിമിന്നല്‍ അപകടം ഒഴിവാക്കാം

ഇനി മഴക്കാലമാണ്. മഴയ്‌ക്കൊപ്പം ഇപ്പോള്‍ ഇടിമിന്നലും സാധാരണമാണ്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ വേനല്‍മഴക്കാലത്ത് ഇടിമിന്നലേറ്റ് നിരവധി ജീവന്‍ പൊലിഞ്ഞു.

മൃഗങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായി. കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഇടിമിന്നലിന്റെ പ്രഹരശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ മഴക്കാലമെത്തുന്നതോടെ മിന്നലില്‍ നിന്നും രക്ഷനേടാനുള്ള മുന്‍കരുതലുകൂടി കൈക്കൊള്ളേണ്ടതുണ്ട്.

മരണം സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ മുന്‍നിരയിലാണ് ഇടിമിന്നല്‍. അപ്രതീക്ഷിത സമയത്തുണ്ടാകുന്ന മിന്നാണ് അപകടകാരി. മഴയില്ലാതിരിക്കുന്ന അവസരത്തില്‍ പെട്ടെന്ന് മിന്നലുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് നീങ്ങാനാവില്ല.

മിക്കവാറും തുറസായ സ്ഥലങ്ങളിലോ വലിയ മരങ്ങള്‍ക്കു ചുവട്ടിലോ ആയിരിക്കും. ഇത് ഇടിമിന്നലേറ്റുള്ള അപകടത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്.

വൈദ്യുതി ലൈന്‍ വഴി കടന്നുവരുന്ന കൂടിയ കറന്റ് വൈദ്യുതിബന്ധം വിഛേദിക്കാത്ത ഉപകരണങ്ങള്‍ക്കുള്ളില്‍ കടക്കുന്നു. വര്‍ധിച്ച വൈദ്യുതി പ്രവാഹം ഉപകരണം പൊട്ടിത്തെറിക്കുന്നതിനു കാരണമാകുന്നു. പ്രവര്‍ത്തിക്കുന്നയാളിലേക്കും വൈദ്യുതി പ്രവഹിക്കും.

പരുക്കുകള്‍ പലവിധം

ഇടിമിന്നലേറ്റ് പലതരത്തിലുള്ള പരുക്കുകള്‍ സംഭവിക്കാം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് ഇടിമിന്നല്‍ ബാധിക്കുന്നത്. മിന്നലേറ്റുള്ള ഹൃദയസ്തംഭനമാണ് മുഖ്യ മരണകാരണം. ഇടിമിന്നലേറ്റ് ദേഹത്ത് മാരകമായ പൊള്ളലേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഇടിമിന്നലേറ്റ് തെറിച്ചുവീണും അപകടം ഉണ്ടാകാം.
ശക്തമല്ലാത്ത ഇടിമിന്നലേല്‍ക്കുന്നവരില്‍ മൂന്നില്‍ രണ്ടു ശതമാനം ആളുകള്‍ക്കും അല്‍പസമയത്തേക്ക് ശരീരത്തിന് ഭാഗികമായി ചലനശേഷി നഷ്ടപ്പെടാനിടയുണ്ട്. വിരളമായി എല്ലുകള്‍ക്ക് പരുക്കും പേശികള്‍ക്ക് മുറിവും സംഭവിക്കാം. ചിലപ്പോള്‍ ബോധം നഷ്ടപ്പെടും. ചിലരില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

ശ്വാസതടസവും അനുബന്ധ ബുദ്ധിമുട്ടുകളും ഇടിമിന്നലേറ്റവരില്‍ ഉണ്ടാകാം. കണ്ണുകള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. കണ്ണുകള്‍ക്ക് പൊള്ളല്‍ സംഭവിക്കാം. ഇത് കാഴ്ചശക്തിയെയും ബാധിക്കാം. കാഴ്ചശക്തിയെ ബാധിക്കുന്നതുപോലെ ഇടി കേള്‍വിശക്തിയെയും ബാധിക്കും. ഇടിമിന്നലിന്റെ അതികഠിനമായ ശബ്ദം കേള്‍വിശക്തി തകരാറിലാക്കും.

അപകടങ്ങള്‍ ഒഴിവാക്കാം.

അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ ഇടിമിന്നല്‍ മൂലമുള്ള അപകടം ഒരു പരിധിവരെ ഒഴിവാക്കാം.
1. ഇടിമിന്നലുണ്ടാകുന്ന സമയത്ത് തുറസായ സ്ഥലത്ത് നില്‍ക്കാതിരിക്കുക. ഇടിയുടെ ശബ്ദം കേള്‍ക്കാവുന്ന ദൂരത്താണ് നില്‍ക്കുന്നതെങ്കില്‍ ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. എത്രയും വേഗം വീടിനുള്ളിലോ അടച്ചുറപ്പുള്ള സ്ഥലങ്ങളിലേക്കോ നീങ്ങി നില്‍ക്കാം. മഴയുള്ളപ്പോഴും ഇല്ലാതെ തെളിഞ്ഞ അന്തരീക്ഷത്തിലും ഇടിമിന്നലുണ്ടാവാം. വളരെ വേഗത്തില്‍ മിന്നലിന് സഞ്ചരിക്കാന്‍ കഴിയും. ഇടിയും മിന്നലും ഒന്നിച്ച് അനുഭവപ്പെടുന്നതാണ് ഏറ്റവും അപകടരം. ഇത്തരം മിന്നലുകള്‍ക്ക് ശക്തി കൂടുതലായിരിക്കും.
2. ഇടിമിന്നുന്ന സമയത്ത് മരത്തിന്റെ മുകളിലോ ഉയര്‍ന്ന കെട്ടികത്തിനു മുകളിലോ കുന്നിനു മുകളിലോ നില്‍ക്കരുത്. ഉയര്‍ന്ന സ്ഥലങ്ങളിലാണ് മിന്നല്‍ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത്.

3. ഉയരമുള്ള ലോഹത്തൂണുകള്‍ക്ക് ചുവട്ടിലോ, മരത്തിനു ചുവട്ടിലോ, കെട്ടിടങ്ങള്‍ക്ക് ചുവട്ടിലോ അഭയം തേടാതിരിക്കുക. ഇത്തരമൊരു സാഹചര്യത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ഉടന്‍ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുക.
4. ഇടിമിന്നലുണ്ടാകുമ്പോള്‍ ലോഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ലോഹം വളരെവേഗം മിന്നലിനെ ആഗീരണം ചെയ്യും. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളോ മറ്റ് ഉപകരണങ്ങളോ മിന്നലുള്ള സമയത്ത് ഉപയോഗിക്കാതിരിക്കുക.

5. ഒരു സ്ഥലത്ത് മിന്നലേറ്റാല്‍ അവിടെത്തന്നെ വീണ്ടും മിന്നലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ശക്തിയായ മിന്നലുണ്ടായാല്‍ ഉടന്‍ അടുത്ത മിന്നലുണ്ടാവുമെന്ന് പ്രതീക്ഷിക്കണം.
6. മിന്നല്‍ വൈദ്യുതി പ്രവഹിച്ച സ്ഥലത്തു നിന്നും ആളുകളെ മാറ്റുന്നതാണ് നല്ലത്. ചിലപ്പോള്‍ അതേ സ്ഥലത്തു തന്നെ വീണ്ടും അപകടകരമായ വൈദ്യുതി മിന്നലില്‍ നിന്ന് താഴേക്കു പ്രവഹിക്കാനിടയുണ്ട്.

7. തുറസായ സ്ഥലത്ത് മിന്നലുണ്ടാവുമ്പോള്‍ ഒന്നിലേറെ ആളുകള്‍ ഒരു സ്ഥലത്ത് കൂട്ടമായി നില്‍ക്കാതിരിക്കുക. കുറഞ്ഞത് 15 അടി അകലത്തില്‍ നിലയുറപ്പിക്കുന്നതാണ് നല്ലത്.
8. പൂര്‍ണമായും മറച്ച വാഹനങ്ങള്‍ ഇടിമിന്നല്‍ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നു. എന്നാല്‍ ടാര്‍പോളിന്‍ പോലെ ദുര്‍ബലമായ മൂടിയുള്ള വാഹനങ്ങളില്‍ കഴിയരുത്.

പ്രഥമശുശ്രൂഷ

ഇടിയും മിന്നലുമുള്ള സമയത്ത് തുറന്ന സ്ഥലത്ത് പെട്ടുപോയാല്‍ അപകടകരമാണ്. മിന്നലിന്റെ വൈദ്യുതി ശരീരത്തിലൂടെ പ്രവഹിക്കാനിടയുണ്ട്. അതിന്റെ ഫലമായി വൃക്തിയുടെ വസ്ത്രങ്ങള്‍ തീപിടിക്കാനും ശരീരത്തില്‍ പൊള്ളലുണ്ടാകുവാനും സാധ്യതയുണ്ട്.
1. മിന്നലേറ്റ വ്യക്തിയെ സമാധാനിപ്പിക്കുകയും കിടത്തുകയും ചെയ്യുക.
2. വൈദ്യുതി ഷോക്കിലെന്നപോലെയല്ല മിന്നല്‍ ഷോക്ക്. പ്രഥമശുശ്രൂഷകന് ധൈര്യമായി മിന്നല്‍ ഷോക്കേറ്റ വ്യക്തിയെ തൊടാം. ശുശ്രൂഷകന് ഷോക്കടിക്കുകയില്ല.

3. ശരീരത്തില്‍ പൊള്ളലോ മുറിവോ രക്തസ്രാവമോ ഉണ്ടെങ്കില്‍ ഇതിനുള്ള പ്രഥമശൂശ്രൂഷ നല്‍കുക.
4. ബോധമുണ്ടോ എന്ന് നോക്കുക. ബോധമുണ്ടെങ്കില്‍ റിക്കവറി പൊസിഷനില്‍ ചെരിച്ചു കിടത്താം.
5. ഡോക്ടര്‍ എത്തുന്നതുവരെ മിന്നല്‍ ഷോക്കേറ്റ വ്യക്തിയുടെ അടുത്തുതന്നെയിരിക്കുക.

6. നാഡിമിടിപ്പും ശ്വസോച്ഛ്വാസവും ശ്രദ്ധിക്കുക.
7. ബോധക്കേടുണ്ടാവുകയും ശ്വാസം നില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. നാഡിമിടിപ്പ് നില്‍ക്കുകയാണെങ്കില്‍ ഹൃദയായോത്തേജനവും വേണ്ടിവരും. മിന്നല്‍ ഷോക്കടിച്ച വ്യക്തിയുടെ സ്ഥിതി മെച്ചപ്പെട്ടാല്‍ ചെരിച്ചു കിടാത്താം.