ഇനിയും പുഴയൊഴുകും

മുണ്ടക്കയം ∙ മണിമലയാർ സംരക്ഷണത്തിന്റെ ഭാഗമായി ജനകീയ വേദിയുടെ നേതൃത്വത്തിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജലമലിനീകരണത്തിന്റെ കാഠിന്യം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എത്തി വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ ഗായത്രി മനോജ്, ജൂനിയർ സൂപ്രണ്ട് അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മണിമലയാറിൽ കോസ്‌വേക്കു സമീപം മലിനജലം വന്നെത്തുന്ന അഴുക്കുചാൽ ഭാഗം, പുത്തൻചന്ത, ബൈപാസ് വാട്ടർ ടാങ്ക് ഭാഗം, പുല്ലകയാറിലെ വേലനിലം എന്നിവിടങ്ങളിൽ നിന്നാണ് ജലം പരിശോധനയ്ക്കായി ശേഖരിച്ചത്.

വെള്ളത്തിന്റെ പരിശോധനാഫലം ലഭിച്ച ശേഷം നടപടികൾ സ്വീകരിക്കാനാണു നീക്കം. ടൗണിൽ നിന്നുള്ള അഴുക്കുചാലിൽ നിന്നു മലിനജലം കലർന്ന് മണിമലയാർ മലിനമായതോടെയാണ് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ചത്.

ജനകീയ സമിതിയുടെ നേതൃത്വത്തിൽ 17ന് ടൗണിലെ അഴുക്കുചാൽ സന്ദർശിച്ച് മാലിന്യം ആരൊക്കെ ഒഴുക്കുന്നു എന്നത് കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് അറിയിച്ചു.