ഇനി ബ്രെയിൻ ഡത്ത് സംഭവിച്ചവരുടെ ഗർഭപാത്രവും ദാനം ചെയ്യാം ..

എന്തായാലും വാടകഗർഭപാത്രം വഴി കുഞ്ഞിക്കാലു വേണ്ടെന്നുവച്ചവർക്കായി ഗർഭപാത്രം മാറ്റിവയ്ക്കലും സന്താനോല്പാദനവും യാഥാർത്ഥ്യമാകുന്നു. അടുത്തവർഷത്തോടെ മാറ്റിവച്ച ഗർഭപാത്രം വഴിയുള്ള പ്രസവം നടക്കുമെന്ന് സ്വീഡനിലെയും ബ്രിട്ടനിലെയും ഡോക്ടർമാർ ഉറപ്പുനൽകുന്നു.

ഗ‍ർഭപാത്രമില്ലാതെ ജനിച്ചവരോ അർബുദം കാരണം ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നവരോ ആണ് ഗർഭപാത്രം സ്വീകരിക്കൽ ശസ്ത്രക്രിയയ്ക്ക് തയാറാകുന്നത്. ദാനം ചെയ്യുന്നത് മരിച്ചവരോ ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളോ ആണ്. അണ്ഡോല്പാദന ശേഷിയുള്ള സ്വീകർത്താവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവും പരീക്ഷണശാലയിൽ സംയോജിപ്പിച്ച് ഭ്രൂണമുണ്ടാക്കി ഈ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഒൻപത് സ്ത്രീകളിൽ ഇതിനോടകം ഗർഭപാത്രം മാറ്റിവച്ച് ഭ്രൂണവും നിക്ഷേപിച്ച് കാത്തിരിക്കുകയാണ് സ്വീഡനിലെ ഡോക്ടർമാർ.
പ്രസവവേദന അനുഭവിക്കാമെന്നതാണ് ഇത്തരം സന്താനോല്പാദനത്തിലെ പ്രത്യേകത.

പക്ഷേ ജീവൻ രക്ഷിക്കാനല്ലാതെ നടത്തുന്ന ഇത്രയും അപകടം പിടിച്ച ശസ്ത്രക്രിയകൾക്കെതിരെ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തു വന്നിട്ടുണ്ട്. ദാതാവിനെയും സ്വീകർത്താവിനെയും സങ്കീർണമായ ശസ്ത്രക്രിയകൾക്ക് വിധേയമാക്കുന്നത് ശരിയല്ലെന്ന് അവർ പറയുന്നു. മരിച്ചവരിൽനിന്ന് ഗർഭപാത്രം സ്വീകരിക്കുന്നതിനെ പക്ഷേ ഇവർ എതിർക്കുന്നില്ല.

കുഞ്ഞിക്കാലു കാണാൻ താല്പര്യമുള്ള ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തം കുട്ടികളെ പ്രസവിക്കാനുള്ള ഈ മാർഗത്തെ എതിർക്കേണ്ടതില്ലന്ന് ശസ്ത്രക്രിയയെ അനുകൂലിക്കുന്ന ഡോക്ടർമാർ പറയുന്നു. ഇത്തരം 15,​000 പേർ ബ്രിട്ടനിൽ മാത്രമുണ്ടത്രെ.

രണ്ടായിരാമാണ്ടിൽ സൗദി അറേബ്യയിൽ പരീക്ഷണാർത്ഥം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയെങ്കിലും നാലാം മാസം സ്വീകർത്താവിന്റെ ശരീരം ഗർഭപാത്രത്തെ തിരസ്കരിച്ചു. 2011 ൽ ടർക്കിയിൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ഭ്രൂണം നാലാം മാസം നിർജീവമായി.