ഇനി വ്രതനാളുകൾ; റമസാൻ മാസത്തിന് ഇന്നു തുടക്കം

പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമസാൻ മാസത്തിന് ഇന്നു തുടക്കം. വിശ്വാസികൾക്ക് ഇനി വ്രതനാളുകൾ. സുബഹി മുതൽ മഗ്‌രിബ് വരെയുള്ള പകൽ സമയം ആഹാരപാനീയങ്ങൾ ഉപേക്ഷിച്ച്, പ്രാർഥനകളിൽ മുഴുകുന്ന ഒരു മാസം.

നോമ്പ് അല്ലാഹുവിനോടുള്ള ഭക്തി

ഉപവാസത്തിനുമപ്പുറം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സുദൃഢമായ ബന്ധമാണ് നോമ്പ്. ഉള്ളവനും ഇല്ലാത്തവന്റെ വിശപ്പിന്റെ വേദനയറിയാൻ നോമ്പുകാലം വിശ്വാസികളെ സഹായിക്കും. കഷ്ടപ്പെടുന്നവരെ കൂടുതൽ സഹായിക്കണമെന്ന സന്ദേശവും റമസാൻ മാസം നൽകുന്നു. വിശ്വാസികൾ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന മാസംകൂടിയാണ് റമസാൻ.

ഉപവാസം 14 മണിക്കൂർ വരെ

ചില ദിവസങ്ങളിൽ നോമ്പ് സമയം 14 മണിക്കൂർ വരെ നീണ്ടുപോകാം. ചൂടു കൂടുന്നതും ഭക്ഷണ ക്രമത്തിൽ വരുന്ന മാറ്റങ്ങളുമെല്ലാം പലർക്കും പല രീതിയിലാകും അനുഭവപ്പെടുന്നത്. പകൽ മുഴുവൻ ഭക്ഷണം ഉപവാസത്തിൽ കഴിച്ചു കൂട്ടുമ്പോൾ പുലരും മുൻപും സന്ധ്യയ്ക്കു നോമ്പുതുറക്കുന്ന സമയത്തും ഭക്ഷണം കഴിക്കേണ്ടത് അൽപം ശ്രദ്ധയോടെയാവണം. പകൽ ഭക്ഷണമില്ലാതെ കഴിച്ചു കൂട്ടുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കേണ്ടതു രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്.

എന്തൊക്കെ കഴിക്കാം, ഒഴിവാക്കാം…

രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണു ശരീരത്തിനു വേണ്ട ഊർജം ലഭിക്കുന്നത് എന്നതിനാൽ കാർബോഹൈഡ്രേറ്റ്സ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു നല്ലതാണ്. സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങളായ ധാന്യവർഗങ്ങൾ, കിഴങ്ങ്, ഗോതമ്പ് തുടങ്ങിയവയും നട്സും കഴിക്കുന്നതു ഗുണം ചെയ്യും. പെട്ടെന്നു ദഹിക്കുന്ന ഭക്ഷണവിഭവങ്ങൾ, അമിതമധുരം, ചോക്കലേറ്റ്, കേക്ക്, ബിസ്ക്കറ്റ് തുടങ്ങിയ ഭക്ഷണവും ഒഴിവാക്കാം. ചായ, കാപ്പി, കോള എന്നിവ നിർബന്ധമായും ഒഴിവാക്കണം. രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണങ്ങളിലും മരുന്നിലുമൊക്കെ ക്രമീകരണങ്ങൾ നടത്തേണ്ടതും ആവശ്യമാണ്.

കൂടുതലും പാനീയങ്ങളാവണം…

നോമ്പു തുറക്കുന്ന വൈകുന്നേരം മുതൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതലും ഉൾപ്പെടുത്തേണ്ടതു പാനീയങ്ങളാകണമെന്നാണു ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പറയുന്നത്. ഇതിൽ കഞ്ഞിവെള്ളവും കരിക്കിൻവെള്ളവും ഓട്സ് വെള്ളവുമൊക്കെ ശരീരത്തിനു കൂടുതൽ ഊർജം പകരും.

സന്തുലിതമായ ആഹാരക്രമം നോമ്പുകാലത്തേക്കായി ഒരുക്കുന്നതു നല്ലതായിരിക്കും. പച്ചക്കറി, പഴവർഗങ്ങൾ, അരിയാഹാരം, മൽസ്യമാംസാദികൾ, പാൽ തുടങ്ങിയവ സമീകൃതമായി ശരീരത്തിൽ എത്തുന്ന രീതിയിലായിരിക്കണം ക്രമീകരണം. വിപണിയിലും ആഘോഷത്തിനു തുടക്കം ജില്ലയിലെ പല സ്ഥലങ്ങളിൽ നിന്നുമുള്ള വിപണികളിലും ആഘോഷത്തിനു തുടക്കമായി. പഴക്കച്ചവടക്കാരിലേക്കും ഡ്രൈ ഫ്രൂട്സ് വിൽപന നടക്കുന്ന കടകളിലേക്കുമെല്ലാം ഇന്നലെ മുതൽ (16–5) തിരക്ക് തുടങ്ങിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന പഴവർഗങ്ങൾക്കാണു വിപണിയിൽ ഡിമാൻഡ് കൂടുതൽ. ഈന്തപ്പഴത്തിനും അത്തിപ്പഴത്തിനും പുറമെ പൈനാപ്പിൾ, പപ്പായ, ചെറി, മാമ്പഴം എന്നിവയും ഡ്രൈ ഫ്രൂട്സ് ഇനത്തിൽ വിൽക്കുന്നുണ്ട്.

നോമ്പുകാലത്തു വിശ്വാസികൾ പ്രധാനമായും രണ്ടു നേരമാണു ഭക്ഷണം കഴിക്കുന്നത് ഇഫ്താർ – സന്ധ്യയ്ക്കു നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഭക്ഷണമാണ് ഇഫ്താർ. മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോഴാണിത്. അത്താഴം – സൂര്യോദയത്തിനു മുമ്പു പുലർച്ചെ അത്താഴം കഴിച്ചാണു വിശ്വാസികൾ നോമ്പ് ആരംഭിക്കുന്നത്. സുബ്‌ഹി ബാങ്കിനു മുൻപാണിത്. മഗ്‌രിബ് മുതൽ സുബ്‌ഹി വരെയുള്ള രാത്രിസമയത്തു പതിവുപോലെ ഭക്ഷണം കഴിക്കാം.