ഇന്ത്യയുടെ പ്രതീകം സച്ചിൻ

s988പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വാക്കു കൊണ്ടോ നോട്ടം കൊണ്ടോ ആരെയും വേദനിപ്പിക്കാതെ ഒരു സൗമ്യ സാന്നിധ്യമായി ഇന്ത്യന്‍ ടീമില്‍ നിറയുന്ന സച്ചിന്‍ രാജ്യത്തെ കായിക താരങ്ങള്‍ക്ക് മാത്രമല്ല യുവജനതയ്ക്കു തന്നെ മാതൃകാപുരുഷനാണ്. സമീപകാലത്ത് ഒരു മാഗസിന്‍ നടത്തിയ ഒരു സര്‍വെ അനുസരിച്ച് ഇന്ത്യയില്‍ ആരോഗ്യസംരക്ഷണത്തിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും മാതൃകപുരുഷനായി സച്ചിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നില്ല സച്ചിന്റെ മഹത്വം.

ജീവിതത്തില്‍ പുറത്തു ചെലവഴിച്ചിതിനേക്കാള്‍ സമയം ക്രീസില്‍ ചെലവഴിച്ചിട്ടും വിവാദങ്ങളുടെയോ ആരോപണങ്ങളുടെയോ ചെളി തെറിക്കാത്ത കുപ്പായമഴിച്ചുവെച്ചാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നതെന്ന് രാജ്യത്തെ ഏതൊരു കായിക താരത്തിനും മാതൃകയാക്കാം. കരിയറില്‍ തിരിച്ചടി നേരിടുമ്പോഴും വിമര്‍ശിക്കപ്പെടുമ്പോഴും ഒരിക്കലും സച്ചിന്‍ പരസ്യമായി പ്രതികരിച്ചില്ല. പകരം തന്റെ കളിയില്‍ മാത്രം ശ്രദ്ധയൂന്നി, കളത്തിലെ പ്രകടനങ്ങളിലൂടെ വിമര്‍ശകര്‍ക്ക് മറുപടി പറഞ്ഞു. സച്ചിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ തനിക്കു നേരെ എറിഞ്ഞ കല്ലുകളെ സച്ചിന്‍ നാഴികക്കല്ലുകളാക്കി മാറ്റി.

പരസ്യവരുമാനത്തിലൂടെ കോടികള്‍ നേടുന്ന സച്ചിന്‍ തന്നെയാണ് മദ്യക്കമ്പനിയുടെ പരസ്യ വാഗ്ദാനം നിഷേധിച്ചതെന്നതും മറ്റൊരു അത്ഭുതം. സാമൂഹിക പ്രതിബദ്ധതയ്ക്കുവേണ്ടി വ്യക്തി താല്‍പര്യങ്ങള്‍ മാറ്റി വെയ്ക്കാന്‍ തയാറാവുന്ന എത്ര കായിക താരങ്ങളെ നമുക്കിന്ന് കാണാനാകുമെന്ന് ചിന്തിക്കുമ്പോഴാണ് സച്ചിന്റെ മഹത്വം തിരിച്ചറിയുക. ക്രിക്കറ്റില്‍ ദൈവമായിരിക്കുമ്പോഴും ക്രിക്കറ്റിന് പുറത്ത് വെറുമൊരു മനുഷ്യനായിരിക്കാന്‍ സച്ചിന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

നീര്‍ക്കുമിളപോലെ പൊട്ടുന്ന ദാമ്പത്യങ്ങളുടെ കാലത്ത് നല്ലൊരു കുടുംബനാഥനെന്ന നിലയിലും സച്ചിന്‍ മാതൃകയായി. ഒത്തുകളി വിവാദവും പന്തു ചുരണ്ടല്‍ വിവാദവും ഹര്‍ഭജന്‍-സൈമണ്ട്സ് വിവാദവുമെല്ലാം ഉയര്‍ന്നപ്പോഴും വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനൊപ്പം സ്വന്തം നിലപാട് വ്യക്തമായി വിശദീകരിക്കാനും പ്രതിസന്ധികള്‍ക്കിടയിലും ടീം അംഗങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാനും സച്ചിനായി.

ടീമിനെ നയിക്കാനുളള കഴിവ് തനിക്കില്ലെന്ന് മനസിലായപ്പോള്‍ സ്വയം മാറി നിന്ന് മാതൃക കാട്ടാനുള്ള മഹാമനസ്കതയും സച്ചിന്‍ പ്രകടിപ്പിച്ചു. ക്രിക്കറ്റില്‍ കൈവരിച്ച റെക്കോര്‍ഡുകള്‍ കൊണ്ട് മാത്രമല്ല ക്രിക്കറ്റിന് പുറത്ത് ഒരു നല്ല മനുഷ്യനെന്ന നിലയിലും സച്ചിന്‍ ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയാണ്.
sachin and family

sachin kids