ഇന്ധന വില വര്‍ധന : ഓട്ടോ തൊഴില്‍ മേഖല പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി: ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നതുമൂലം ഓട്ടോ ടാക്‌സി മേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നു. എണ്ണകമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിമൂലം ഈ മേഖലയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ കുടുംബം പട്ടിണിയിലാണ്.

നിരക്ക് വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ നിലനില്‍പ്പ് സാധ്യമാവുകയുള്ളു. പെട്രോളിയം ഉല്‍പന്നങ്ങളെ ജി. എസ്. ടി. പരിധിയില്‍ കൊണ്ടുവരണമെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അധികനികുതി വേണ്ടെന്നുവച്ച് ഓട്ടോ തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം വിതരണം ചെയ്ത് ആശ്വാസം നല്‍കണമെന്നും ജില്ലാ ടാക്‌സി-ഓട്ടോ ഗുഡ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ. എന്‍. ടി. യു. സി) യോഗം ആവശ്യപ്പെട്ടു.

യൂണിയന്‍ പ്രസിഡന്റ് റസിലി തേനമ്മാക്കല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി. പി. എ സലാം പാറയ്ക്കല്‍, സെക്രട്ടറി ഷിബിലി മണ്ണാറക്കയം, നൗഷാദ് കാവുങ്കല്‍, കുറുവച്ചന്‍ ആനക്കല്ല്, ഷാഹുല്‍, ജോജി ജോസ്, സുനില്‍ മാന്തറ, ശരത് മേച്ചേരിതാഴെ, കണ്ണന്‍ കുറ്റിക്കാട്ട്, നാസര്‍ കാന്താരി എന്നിവര്‍ പ്രസംഗിച്ചു.