ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേ അമർഷം പുകയുന്നു

കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളില്‍ ഇയര്‍ ഔട്ട് സംവിധാനത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. പഠിപ്പുമുടക്കം അടക്കമുള്ള സമരമുറകളുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകുന്നു. കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലടക്കം നടക്കുന്ന വിദ്യാര്‍ഥി സമരങ്ങള്‍ അനിശ്ചിതമായി മുന്നോട്ടു പോകുന്നു. സമരത്തിലുറച്ച് വിദ്യാര്‍ഥികളും നിലപാടിലുറച്ച് സര്‍വകലാശാല അധികൃതരും

എന്താണ് ഇയര്‍ ഔട്ട്
മൂന്നാം സെമസ്റ്ററില്‍ നിന്നു നാലിലേക്ക് കടക്കാന്‍ ഒരു വിദ്യാര്‍ഥിക്ക്, ഒന്നും രണ്ടും സെമസ്റ്ററുകളില്‍ കൂടി മൊത്തം 47 ക്രെഡിറ്റില്‍, കുറഞ്ഞത് 26 എങ്കിലും വേണം. അഞ്ചില്‍ നിന്നു ആറിലേക്ക് കടക്കാന്‍ നാലുവരെയുള്ള സെമസ്റ്ററില്‍ ആകെ കൂടി 70 ക്രെഡിറ്റുകള്‍ വേണം. ഇതുപോലെ എട്ടാം സെമസ്റ്റര്‍ പരീക്ഷയിലേക്ക് കയറാനും നിശ്ചിത ക്രെഡിറ്റുകള്‍ നേടണം. ഈ നിശ്ചിത ക്രെഡിറ്റ് നേടാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് വീണ്ടും ഒരുവര്‍ഷം കൂടി, പഠിക്കുന്ന സെമസ്റ്ററില്‍ പഠിക്കണം. ഇത് കുട്ടികള്‍ക്ക് എളുപ്പമാണെന്നാണ് സര്‍വകലാശാല പറയുന്നത്. ഇയര്‍ ഔട്ടിനെ സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നടത്തണമെന്നും വേണ്ടെന്നും. ഒരു അധിക സപ്ലിമെന്ററി ചാന്‍സും കൂടി നല്‍കി ഇയര്‍ ഔട്ട് നടപ്പിലാക്കാമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രതികരണങ്ങള്‍
വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം
ഡോ. എം.അബ്ദുള്‍ റഹ്മാന്‍, പി.വി.സി., കേരള സാങ്കേതിക സര്‍വകലാശാല)
കേരള സര്‍വകലാശാലയില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷത്തില്‍ ഒരു ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വിദ്യാര്‍ഥി ഇപ്പോള്‍ എട്ടാം സെമസ്റ്ററിലേക്ക് എത്തുമ്പോഴാണ് സപ്ലിമെന്ററിയെക്കുറിച്ച് ആലോചിക്കുന്നത്. അപ്പോഴേക്കും സമയം ഏറെ വൈകും. പിന്നീട് മുന്‍ വര്‍ഷങ്ങളിലെ പരീക്ഷയെഴുതിയെടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ഇതില്‍ നിന്നെല്ലാം വിദ്യാര്‍ഥികളെ മാറ്റി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇയര്‍ ഔട്ട് സമ്പ്രദായം.
തമിഴ്‌നാട് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഈ സംവിധാനം കൃത്യമായി നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് റഗുലര്‍ ചാന്‍സിനുപുറമേ ഒരു സപ്ലിമെന്ററി ചാന്‍സും നല്‍കുന്നുണ്ട്. അതിനാലാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ താമസം നേരിടുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ശ്രമമാണ് ഇയര്‍ ഔട്ട് സംവിധാനം. പരീക്ഷകള്‍ തോറ്റ് കുട്ടികള്‍ സമൂഹത്തിനും വീടിനും ബാധ്യതയായി ജീവിതം വഴിമുട്ടി നടക്കുന്ന അവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാണ് ഇയര്‍ ഔട്ട് സമ്പ്രദായത്തെ പിന്‍തുണയ്‌ക്കേണ്ടത്.

പരീക്ഷ വൈകുന്നത് പ്രധാന പ്രശ്‌നം
ഡോ. കെ.എല്‍.വിവേകാനന്ദന്‍ (ജനറല്‍ സെക്രട്ടറി, ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍)
ഇയര്‍ ഔട്ട് പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമയത്ത് പരീക്ഷ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. ടാബുലേഷന്‍ സോഫ്റ്റ്‌വേറില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ബാങ്ക് ലോണ്‍ എടുത്ത വിദ്യാര്‍ഥികളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. വിഷയം അടിയന്തരമായി പരിഹരിക്കപ്പെടണം ഇല്ലെങ്കില്‍ നിരവധി വിദ്യാര്‍ഥികളുടെ ഭാവി ഇത്തരത്തില്‍ അനിശ്ചിതത്വത്തിലാകും. അശാസ്ത്രീയമായി ഇത് നടപ്പിലാക്കുന്നത് ഒരു കാരണവശാലും നടത്താന്‍ അനുവദിക്കില്ല.

ആദ്യം സര്‍വകലാശാലയുടെ നിലവാരം കൂട്ടണം
നിഥിന്‍ ജി.എല്‍., (ജോണ്‍കോക്ക്‌സ് മെമ്മോറിയല്‍ കോളേജ്, കണ്ണന്മൂല)
ഈ സമ്പ്രദായം നടപ്പാക്കുന്നതു മുന്‍പ് സര്‍വകലാശാല ഇതിനുള്ള നിലവാരത്തിലെത്തണം. സര്‍വകലാശാലയില്‍ മൂല്യനിര്‍ണയമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. അധ്യാപകര്‍ അലക്ഷ്യമായി മൂല്യനിര്‍ണയം നടത്തുന്ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതാണ്. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതെ ഈയര്‍ ഔട്ട് സമ്പ്രദായം നടപ്പാക്കുന്നത് കുട്ടികളുടെ ഭാവി ഇല്ലാതാക്കും.

മന്ത്രി യോഗം വിളിക്കണം
എം.ഷാജര്‍ഖാന്‍, സേവ് എഡ്യുക്കേഷന്‍ഫോറം
ഇയര്‍ ഔട്ട് സമ്പ്രദായത്തിലെ മാറ്റം വരുത്താനാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണാന്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണം. ഇതിനായി വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിക്കണം. സാങ്കേതികസര്‍വകലാശാല പിന്‍തുടരുന്ന അശാസ്ത്രീയമായ ഇയര്‍ ഔട്ട് സമ്പ്രദായംമൂലം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ്.

എതിര്‍ക്കുന്നത് അശാസ്ത്രീയതയെ
ധനേഷ് ആര്‍. (ഹിന്ദുസ്ഥാന്‍ കോളേജ്, കുളത്തൂപ്പുഴ, കൊല്ലം)
ഇയര്‍ ഔട്ട് നല്ലകാര്യമാണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ ഇയര്‍ ഔട്ടിനെയാണ്. കൃത്യസമയത്ത് പരീക്ഷനടത്താതെ, കൃത്യമായി ഫലം പ്രസിദ്ധീകരിക്കാതെയാണ് സര്‍വകലാശാല സംവിധാനം നടത്താന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. പരീക്ഷ എഴുതി പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം വരുന്നതിനു മുന്‍പ് തന്നെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം എന്തെന്നറിയാതെ സപ്ലിമെന്ററി എഴുതേണ്ട അവസ്ഥയാണിപ്പോള്‍. മാത്രമല്ല, പുതുതായി ഫസ്റ്റ് ഇയറില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് ഇതിനെപ്പറ്റി ധാരണയും ഇതുവരെ സര്‍വകലാശാല നല്‍കിയിട്ടില്ല.