ഇരുമുടിക്കെട്ടുമായി മലയിറങ്ങേണ്ടി വന്നാൽ സിപിഎം ഓഫീസുകളിലേക്ക് മാർച്ച്‌ നടത്തും : ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരി

എരുമേലി : നെയ്യഭിഷേകം നടത്താൻ അനുവദിക്കാതെ ബലം പ്രയോഗിച്ച് ഭകതരെ ശബരിമലയിൽ നിന്നിറക്കിവിട്ടാൽ ഭക്തരെ കൂട്ടി ഇരുമുടിക്കെട്ടുകളുമായി സിപിഎം ഓഫീസുകളിലേക്ക് മാർച്ച്‌ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരി എരുമേലിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ രാത്രി മുതൽ ശബരിമലക്ക് പോകാൻ എത്തിയ ഭക്തരെ വഴിയിൽ തടഞ്ഞ പോലീസ് നടപടിക്ക് പിന്നിൽ രഹസ്യ അജണ്ടയാണുള്ളത്. ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരിക്കുകയാണ്. ശബരിമല ദർശനം തടസപ്പെടുത്തുന്നതിനു പിന്നിൽ എന്തെങ്കിലും രഹസ്യ അജണ്ടയുണ്ടോയെന്നാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നതെന്ന് എൻ ഹരി പറഞ്ഞു. ഭക്തരെ കടത്തിവിടാതെ പോലീസ് വഴിയിൽ തടഞ്ഞത് ഈ അജണ്ട വെളിവാക്കുന്നതാണ്. രാവിലെ ആറു മണി മുതൽ ഭക്തരെ തടഞ്ഞിട്ടു. എരുമേലിയിലും നിലക്കലിലും ശബരിമല പാതകളിലുമെല്ലാം ഭക്തരെ തടഞ്ഞു നിർത്തിയത് മണിക്കൂറുകളോളമാണ്. കുട്ടികളും പ്രായമായ മാളികപ്പുറങ്ങളും ഉൾപ്പടെ ആയിരകണക്കിന് ഭക്തർ കുടിവെള്ളവും പ്രാഥമിക സൗകര്യവും കിട്ടാതെ വഴിയിൽ നിൽക്കേണ്ടിവന്നു. ഇങ്ങനെ ബുദ്ധിമുട്ടിയവർ ശരണം വിളിച്ചപ്പോൾ അതിനും പോലീസ് അനുവദിച്ചില്ലെന്ന് എൻ ഹരി ആരോപിച്ചു.

ചിത്തിര ആട്ട തിരുനാളിന്റെ ഭാഗമായി നട തുറന്ന ശബരിമലയിൽ ദര്ശനത്തോടൊപ്പം തന്നെ പ്രാധാന്യമുണ്ട് നെയ്യഭിഷേക ചടങ്ങിനും. ഭക്തർ ഇരുമുടിക്കെട്ടിലെ പവിത്രമായ നെയ്ത്തേങ്ങ അഭിഷേകം ചെയ്യുന്നതും മൂന്ന് പൂജകളിൽ പങ്കെടുക്കുന്നതുമാണ് ചടങ്ങുകൾ. അതിന് വിരി വെക്കാനും സന്നിധാനത്ത് തങ്ങാനും അനുവദിക്കാതെ ബലം പ്രയോഗിച്ചു പുറത്താക്കാനാണ് പോലീസിന്റെ ശ്രമം. ഇരുമുടിക്കെട്ടുമായി ഭക്തർ തിരിച്ചിറങ്ങുന്ന സാഹചര്യം ഉണ്ടായാൽ സർക്കാർ വലിയ വില നൽകേണ്ടിവരും. എട്ടും 18 ഉം വർഷം കൂടുമ്പോൾ ദർശനം അനുഷ്‌ടാനമായി നടത്തുന്ന ഒട്ടേറെ ഭക്തരുണ്ട്. ഇരുമുടി കെട്ടുമായി മലയിറങ്ങേണ്ടി വന്നാൽ ഭക്തരെ സംബന്ധിച്ച് അത് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കും. അതിന് സർക്കാർ കണക്ക് പറയേണ്ടി വരും. തന്ത്രിയുടെ മുറിക്ക് മുന്നിൽ ക്യാമറകൾ വെച്ച് പോലീസ് കാവൽ നിൽക്കുന്നത് ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാനുള്ള സർക്കാർ ശ്രമമാണ്. ശബരിമല മാത്രമല്ല പമ്പ, നിലക്കൽ ക്ഷേത്രങ്ങളുടെയും നിയന്ത്രണം പോലീസ് ഏറ്റെടുത്തത് സർക്കാരിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഭക്തരെ പീഡിപ്പിച്ചും ഭയപ്പെടുത്തിയും പോലീസ് ദ്രോഹിക്കുകയാണെന്ന് എൻ ഹരി ആരോപിച്ചു.