ഇരുവൃക്കകളും തകരാറിലായ വീട്ടമ്മയുടെ ചികിത്സയ്ക്കായി ധനസമാഹരണം ഇന്ന്

മുണ്ടക്കയം: ഇരുവൃക്കകളും തകരാറിലായ നിര്‍ധനയായ വീട്ടമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട് ഒന്നിക്കുന്നു. മുണ്ടക്കയം കരിനിലം 96 കവല ഭാഗത്ത് താമസിക്കുന്ന മാളവികയുടെ ചികിത്സയ്ക്കായാണ് നാട് കൈകോര്‍ക്കുന്നത്.

ധനസമാഹരണം ശനിയാഴ്ച നടക്കും. ഒരു ദിവസം കൊണ്ട് പഞ്ചായത്തിലെ 7 വാര്‍ഡുകളിലെ 21 കവലകള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്താനാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ കരിനിലം കവലയില്‍ ആരംഭിക്കുന്ന ധനസമാഹരണയജ്ഞം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി ചേറ്റുകുഴി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. രാജു,ടി. പ്രസാദ്, വി.കെ.രാജപ്പന്‍, ജാന്‍സി തൊട്ടിപ്പാട്ട്, ഷീബാ ഡിഫായിന്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, ജിനീഷ് മുഹമ്മദ്, ജിജി കാരയ്ക്കാട്ട്, കെ.വി. മോഹന്‍ എന്നിവര്‍ പങ്കെടുത്തു.