ഇറക്കുമതി കൂട്ടുന്നു; റബ്ബര്‍വില മൂന്നുമാസത്തിനിടെ 25 രൂപ ഇടിഞ്ഞു, 100-ലേക്ക് താഴുമെന്ന് ആശങ്ക

ഇറക്കുമതി കൂട്ടാന്‍ കമ്പനികള്‍ നീക്കം ശക്തമാക്കുന്നതിനിടെ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയില്‍ ആശങ്ക. മാസം അരലക്ഷം ടണ്‍പ്രകാരം ഇറക്കുമതിചെയ്യാനാണ് നീക്കം. പോയവര്‍ഷം ആറുലക്ഷം ടണ്‍ റബ്ബറാണ് കമ്പനികള്‍ ഇറക്കുമതി െചയ്തത്. ഈവര്‍ഷം ഇതിലും കൂടാനാണ് സാധ്യത.

ആര്‍.എസ്.എസ്. നാലാംഗ്രേഡിന് ജൂണ്‍ 17-നാണ് ഏറ്റവും മികച്ച സമീപകാലവിലയില്‍ എത്തിയത്. 153.50 രൂപയായിരുന്നു അന്നത്തെ വില. അത് താഴ്ന്ന് ജൂലായില്‍ 148-ലേക്ക് എത്തി. ഓഗസ്റ്റില്‍ 145-ലേക്ക് വീണു; ഈയാഴ്ച അത് 130-ലേക്കും. മൂന്നുമാസത്തിനിടെ 25 രൂപയാണ് വിലയിടിഞ്ഞത്.
വില മെച്ചപ്പെടുന്ന സാഹചര്യം വന്നതോടെ, വ്യാപാരികള്‍ കൃഷിക്കാരില്‍നിന്ന് ചരക്കെടുക്കുകയും സൂക്ഷിക്കുകയും ചെയ്തു. 145 രൂപവരെ നല്‍കി എടുത്ത ചരക്ക് സൂക്ഷിച്ച വ്യാപാരികള്‍ വെട്ടിലായി.

കിലോഗ്രാമിന് 20 രൂപവരെ നഷ്ടം സഹിച്ച് വിറ്റഴിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണവര്‍. നാമമാത്രമായി റബ്ബര്‍ എടുത്ത രണ്ട് കമ്പനികള്‍ കിലോഗ്രാമിന് 132 രൂപയാണ് വ്യാപാരികള്‍ക്ക് നല്‍കിയത്. സംസ്ഥാനസര്‍ക്കാരിന്റെ താങ്ങുവില പാക്കേജ് പ്രകാരമുള്ള കുടിശ്ശിക ഏപ്രില്‍മുതലുള്ളത് കിട്ടാനുണ്ട്.
ജൂലായില്‍ വില 150 കടന്നതിനാല്‍ ആസമയത്തെ ബില്ലുകള്‍ക്ക് സഹായധനം കിട്ടില്ല. വിപണിവില 150 രൂപയില്‍നിന്ന് എത്ര കുറവാണോ അതാണ് സര്‍ക്കാര്‍സഹായമായി കിട്ടുക. സെപ്റ്റംബര്‍ കഴിയാറായിട്ടും തുടരുന്ന ശക്തമായ മഴയും വിലയിടിവും കൃഷിക്കാരെ വീണ്ടും തോട്ടം വെറുതേയിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്.