ഇളംകാട് -കോലാഹലമേട് റോഡ് നിര്‍മ്മാണം; നാല് കോടി മുടക്കിയിട്ട് ഒരു രൂപ പോലും കിട്ടിയിട്ടില്ല എന്ന് കരാറുകാരന്റെ സത്യവാങ്മൂലം

കാഞ്ഞിരപ്പള്ളി: ഇളംകാട് -കോലാഹലമേട് റോഡിനായി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നാലുകോടി രൂപ മുടക്കിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഒരു രൂപപോലും ബില്‍തുകയായി നല്‍കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുവേണ്ടി റീജണല്‍ മാനേജര്‍ വി.എസ്.തങ്കപ്പന്‍ കാഞ്ഞിരപ്പള്ളി ലീഗല്‍ സര്‍വീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇളംകാട് മുതല്‍ വല്യേന്ത വരെയുള്ള രണ്ടു കിലോമീറ്റര്‍ ഭാഗം രണ്ടാഴ്ചയ്ക്കുള്ളില്‍ പണിയുമെന്ന് മാനേജര്‍ അറിയിച്ചു.

രണ്ടു കിലോമീറ്റര്‍ ടാറിങ് നടത്തുന്നതിന് 15 ലക്ഷം രൂപ ചെലവഴിച്ച് സാധനസാമഗ്രികള്‍ സ്ഥലത്തെത്തിച്ചെന്നും ഇവര്‍ കോടതിയെ അറിയിച്ചു.

റോഡിന്റെ നിര്‍മാണം വൈകുന്നുവെന്നാരോപിച്ച് പി.യു.സി.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുള്‍ അസീസാണ് ലീഗല്‍ സര്‍വീസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇളംകാട് മുതല്‍ തങ്ങള്‍പാറ വരെയുള്ള റോഡിന്റെ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷത്തിനുശേഷം പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. എന്നാല്‍, കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന റീജണല്‍ മാനേജരുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. ഇളംകാട് മുതല്‍ വല്യേന്ത വരെയുള്ള റോഡിന്റെ പണി പൂര്‍ത്തിയാക്കി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഈ മാസം 30ന് കോടതിയെ രേഖാമൂലം അറിയിക്കാനും അദാലത്ത് കോടതി പ്രിസൈഡിങ് ഓഫീസറും റിട്ട. ജഡ്ജിയുമായ സി.എസ്.അബ്ദുള്‍ ജബ്ബാര്‍ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങില്‍ കോര്‍പ്പറേഷനുവേണ്ടി ദേവസ്യ ജോര്‍ജ്, തദ്ദേശവാസികളായ എ.പി.ചന്ദ്രദാസ്, പി.അനില്‍, എ.സനില്‍, എന്‍.പ്രവീണ്‍, എ.വി.സുമേഷ്, ശ്രീനാരായണ എസ്.എച്ച്ജി. പ്രവര്‍ത്തകര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.