ഇവിടെ അപകടം പതിയിരിക്കുന്നു ..

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിൽ കുന്നുംഭാഗത്തിനും കുരിശുങ്കൽ ജംക്‌ഷനും ഇടയിൽ അപകടങ്ങൾ തുടരുന്നു. കുന്നുംഭാഗത്ത് ആശുപത്രി കവലയിലും എകെജെഎം സ്കൂളിനു മുന്നിലുള്ള കൊടുംവളവുകളിലും അമിതവേഗവും അശ്രദ്ധയും അപകടങ്ങൾ സൃഷ്ടിക്കുമ്പോൾ ടൗണിൽ പഞ്ചായത്തു വളവിലും കുരിശുങ്കൽ ജംക്‌ഷനിലും ഗതാഗത ക്രമീകരണത്തിനു സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് അപകടകാരണമാവുന്നത്. ഡിവൈഡറുകൾ തകർന്നു റോഡിലേക്കു നീണ്ടുനിൽക്കുന്ന കമ്പികൾ ഇരുചക്ര യാത്രികർക്കു സ്ഥിരം ഭീഷണിയാണ്. വാഹനങ്ങൾ തട്ടി റോഡിൽ മറിഞ്ഞുകിടക്കുന്ന ഡിവൈഡറുകളും അപകടമൊരുക്കുന്നു.

പൊൻകുന്നം ഭാഗത്തു നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ കൊടുംവളവിൽ റോഡിലേക്കു നീണ്ടുനിൽക്കുന്ന ഡിവൈഡറുകളിൽ തട്ടി അപകടങ്ങളിൽ പെടുന്നതും സ്ഥിരം സംഭവമാണ്. രാവിലെയും വൈകിട്ടും തിരക്കേറുന്ന സ്കൂൾ സമയങ്ങളിൽ കുന്നുംഭാഗത്തു ഹോംഗാർഡിനെ ഡ്യൂട്ടിക്കു നിയോഗിക്കണമെന്നും എകെജെഎം സ്കൂളിനു സമീപമുള്ള കൊടുംവളവുകളിൽ സുരക്ഷാ ക്രീമകരണങ്ങളും വേഗനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ഇന്നലെയും ഇവിടെ ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. പഞ്ചായത്തു വളവിലെയും, കുരിശുങ്കൽ ജംക്‌ഷനിലെയും തകർന്ന ഡിവൈഡറുകൾ മാറ്റിസ്ഥാപിക്കുന്നതിനു നടപടിയെടുക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.