ഈരാറ്റുപേട്ടയില്‍ കേരള കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സംഘര്‍ഷം: ഷോണ്‍ ജോര്‍ജ് നു പരിക്ക്

1-web-erattupetta-samgharsham
ഈരാറ്റുപേട്ട: പത്തനംതിട്ട പാര്‍ലമെന്റ്‌ മണ്ഡലം സ്‌ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ്‌ വിജയാഹ്‌ളാദപ്രകടനത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ മകന്‍ യൂത്ത്‌ഫ്രണ്ട്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്‌ ഉള്‍പ്പെടെ അഞ്ച്‌ കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പോലീസിന്റെ മര്‍ദ്ദനം. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഘര്‍ഷത്തിനു തുടക്കം. ആന്റോ ആന്റണി വിജയിച്ചതറിഞ്ഞ്‌ ഉച്ച മുതല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം ആരംഭിച്ചിരുന്നു. പ്രചാരണ വാഹനത്തില്‍ പി.സി. ജോര്‍ജിനെ അപമാനിക്കുന്ന തരത്തിലുള്ള പാട്ട്‌ വച്ചത്‌ തടയണമെന്നാവശ്യപ്പെട്ടാണ്‌ പോലീസും യൂത്ത്‌ഫ്രണ്ട്‌ പ്രവര്‍ത്തകരും തമ്മില്‍ ആദ്യം തര്‍ക്കമാരംഭിച്ചത്‌.

തര്‍ക്കത്തെത്തുടര്‍ന്ന്‌ പനച്ചികപ്പാറ സ്വദേശി അനിയന്‍പിള്ളയെന്നയാളെ ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്തു. കാരണം കൂടാതെ കസ്‌റ്റഡിയിലെടുത്തയാളെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഷോണ്‍ ജോര്‍ജും കേരള കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌. കുര്യനും പോലീസുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ നിരവധി തവണ ലാത്തി വീശി ജനക്കൂട്ടത്തെ ഓടിച്ചിരുന്നു. ആന്റോ ആന്റണിയുടെ പ്രചാരണ വാഹനം ഇതുവഴി വന്നത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കി.

പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷോണ്‍ ജോര്‍ജ്‌, കെ.എസ്‌്. കുര്യന്‍, ജോസ്‌ വലിയപറമ്പില്‍, എം.പി. നവാസ്‌, ജോമി ജോസ്‌ തുടങ്ങിയവര്‍ക്ക്‌ പരുക്കേറ്റു. പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത്‌ തടയാന്‍ ശ്രമിച്ച്‌ റോഡില്‍ കിടന്ന ഷോണിനെ ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു.

പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്‌പരം കല്ലും സോഡാക്കുപ്പികളും ഉപയോഗിച്ച്‌ എറിഞ്ഞതോടെ ടൗണിലെ വ്യാപാരസ്‌ഥാപനങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടുകയും ചെയ്‌തു.

സെന്‍ട്രല്‍ ജംഗ്‌ഷനില്‍ പോലീസ്‌ വാഹനങ്ങള്‍ കുറുകേയിട്ട്‌ കാഞ്ഞിരപ്പള്ളി റോഡ്‌ തടഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. കല്ലേറില്‍ എ.ആര്‍. ക്യാമ്പിലെ രണ്ട്‌ പോലീസുകാര്‍ക്കും പരുക്കേറ്റു. രാത്രിയോടെ എസ്‌്.പി: എം.പി. ദിനേശിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ്‌ സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.