ഈ കാത്തുനിൽപ് ഇല്ലാതാക്കണം

മുണ്ടക്കയം ∙ സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ വാതിൽപുറം കാത്തുനിൽപ് തുടരുന്നു. മഴക്കാലത്ത് വിദ്യാർഥികൾക്കു നേരിടേണ്ടിവരുന്നത് ദുരിതയാത്ര. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ബസ് സ്റ്റാൻഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകളുടെ വാതിലുകൾക്കു സമീപം സ്കൂൾ സമയത്ത് വിദ്യാർഥികൾ കൂട്ടത്തോടെ കാത്തുനിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബസുകൾ സ്റ്റാർട്ട് ചെയ്യുമ്പോൾ മാത്രമേ ബസിൽ കയറാവൂ എന്ന് ബസ് ജീവനക്കാർ തന്നെ ഉണ്ടാക്കിയിരിക്കുന്ന നിയമം വിദ്യാർഥികൾ അനുസരിച്ചേ പറ്റൂ. മഴയാണെങ്കിലും വെയിലാണെങ്കിലും വിട്ടുവീഴ്ചയില്ല.

ഉൾനാടൻ മേഖലകളിലേക്കു സർവീസ് നടത്തുന്ന ബസുകളിലാണ് വിദ്യാർഥികൾക്ക് ഇപ്പോഴും അയിത്തം ഉള്ളത്. വാതിലുകളുടെ വെളിയിൽ കാത്തുനിൽക്കുന്ന വിദ്യാർഥികൾ ബസ് സ്റ്റാർട്ട് ചെയ്താൽ ഉടൻ ഇടിച്ചുകയറണം. കാത്തുനിൽക്കുന്ന വിദ്യാർഥികളിൽ പകുതി പേർ കയറുമ്പോഴേക്കും ബസ് മുൻപോട്ട് നീങ്ങിത്തുടങ്ങും. ഇതോടെ ശേഷിക്കുന്ന വിദ്യാർഥികൾ ശ്രമം ഉപേക്ഷിച്ച് മടങ്ങും. യാത്രാ ആനുകൂല്യം വിദ്യാർഥികൾക്കുള്ളതിനാൽ ഇവർ കയറി ബസ് നിറഞ്ഞാൽ മറ്റ് യാത്രക്കാർ കയറില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ബസിൽ സീറ്റുകൾ കാലിയാണെങ്കിൽ പോലും വിദ്യാർഥികൾക്ക് ഇരിക്കുവാനും അവകാശമില്ല.