ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തേയ്ക്കാം

അടുത്തിടെയാണ് രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങളെ പരിഷ്‌കരിച്ചുള്ള 2016 മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. റോഡ് നിയമങ്ങള്‍ കര്‍ശനമാക്കിയുള്ള മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന്റെ പ്രാഥമിക ലക്ഷ്യം, ഇന്ത്യയിലെ അപകട നിരക്ക് കുറയ്ക്കുകയാണ്.

പുതിയ ഭേദഗതി പ്രകാരം, ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള കാരണങ്ങള്‍ ഇതൊക്കെ –

അമിതവേഗത
അമിത വേഗതയില്‍ ഡ്രൈവ് ചെയ്താല്‍ ഭേദഗതിപ്രകാരം പൊലീസിന് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള അധികാരമുണ്ട്. ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനൊപ്പം 1000 രൂപ പിഴയായും പൊലീസിന് ചുമത്താം. വാഹനത്തിന്റെ വേഗതയും, റോഡിന്റെ വേഗപരിധിയും കണക്കിലെടുത്ത് പിഴ വര്‍ധിക്കും.

മദ്യപിച്ച് വാഹനമോടിച്ചാല്‍
മദ്യപിച്ച് വാഹനം ഒാടിക്കുന്നത് ഗുരുതര കുറ്റമാണ്. പുതിയ ഭേദഗതി പ്രകാരം, മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കണ്ടെത്തിയാല്‍ 10000 രൂപയാണ് പിഴ ഈടാക്കുക. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് താത്കാലികമായും രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കപ്പെടും.

അതിവേഗ മത്സരം
റോഡില്‍ മത്സരയോട്ടം നടത്തിയാലും ലൈസന്‍സ് റദ്ദാക്കപ്പെടും. അപകടകരമായ ഡ്രൈവിംഗ് സാഹചര്യത്തില്‍ പിടിക്കപ്പെടുന്ന ഡ്രൈവറുടെ ലൈസന്‍സ് ഉടനടി റദ്ദ് ചെയ്യപ്പെടും.

ടൂവീലറുകളിലെ ട്രിപ്പിള്‍
ടൂവീലറുകളിലെ ട്രിപ്പിള്‍ യാത്രകള്‍ക്ക് കടിഞ്ഞാണിടാനും ഭേദഗതിയില്‍ ശുപാര്‍ശയുണ്ട്. ഇത്തരം സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം 2000 രൂപ വരെ പിഴയും ഈടാക്കാം.

ഹെല്‍മറ്റില്ലാതെ സവാരി
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഭേദഗതിയില്‍ പരാമര്‍ശമുണ്ട്. ഹെല്‍മറ്റില്ലാതെ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ 2000 രൂപ പിഴ ഈടാക്കും. ഒപ്പം, മൂന്ന് മാസം വരെ ലൈസന്‍സ് റദ്ദാക്കാനും പൊലീസിന് അധികാരമുണ്ട്.

ആംബുലന്‍സുകള്‍ക്ക് വഴി നല്‍കാതിരുന്നാല്‍
ആംബുലന്‍സുകള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ 10000 രൂപ പിഴ ഈടാക്കും. ഒപ്പം, പ്രവര്‍ത്തി വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം ലൈസന്‍സും റദ്ദ് ചെയ്യും.

മോഡിഫൈഡ് കാര്‍/മോട്ടോര്‍സൈക്കിള്‍
മോഡിഫിക്കേഷനുകള്‍ക്കും പൂട്ടിടാനാണ് മോട്ടോര്‍ വാഹന ഭേദഗതി ശുപാര്‍ശ ചെയ്യുന്നത്. കനത്ത മോഡിഫിക്കേഷനുമായെത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും, ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്യും.

സിഗ്നലുകള്‍ മറികടന്നാല്‍
സിഗ്നലുകള്‍ മറികടക്കുന്നതും ഗുരുതര കുറ്റങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ കുറ്റം ആവര്‍ത്തിച്ചാല്‍ അതത് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യും.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍
അപകടങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഒടിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. തുടര്‍ച്ചയായി മൂന്ന് തവണ സീറ്റ് ബെല്‍റ്റ് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ ആറ് മാസം വരെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടാം.

ഡ്രൈവിംഗിനിടെ മൊബൈല്‍
ഡ്രൈവിംഗിനിടെ അപകടം വിളിച്ച് വരുത്തുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും ഭേഗഗതി കടിഞ്ഞാണിടുകയാണ്. ഇത്തരം സാഹചര്യത്തില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് ഉടനടി റദ്ദ് ചെയ്യപ്പെടാം.