ഈ കുഞ്ഞുങ്ങൾക്കും നൽകാമോ, മറക്കാനാകാത്ത അവധിക്കാലം

കോട്ടയം ∙ നിങ്ങളുടെ കുഞ്ഞുങ്ങൾക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി വീട്ടിൽ സംരക്ഷിക്കാനുള്ള സന്മനസ്സുള്ളവർക്കായി ഫോസ്റ്റർ കെയർ അപേക്ഷ ക്ഷണിച്ചു. അച്ഛനമ്മമാർക്കു കൂടെ നിർത്തി സംരക്ഷിക്കാൻ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളർത്തുന്നതിനുള്ളതാണു ഫോസ്റ്റർ കെയർ പദ്ധതി.

വനിതാ–ശിശു വികസന വകുപ്പിനു കീഴിൽ കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയിൽ പ്രവർത്തിക്കുന്ന 56 ബാലനീതി സ്ഥാപനങ്ങളിൽ കഴിയുന്ന 53 കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളരാൻ അനുവദിക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കുന്ന കുടുംബങ്ങളിലേക്കു സ്കൂൾ വേനലവധിക്കാലങ്ങളിൽ മാത്രം കുട്ടികളെ അയയ്ക്കുന്ന പദ്ധതിയാണ് അവധിക്കാല ഫോസ്റ്റർ കെയർ.

സാമൂഹികനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫിസ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബാംഗങ്ങൾക്കു കൗൺസലിങ്ങും കുട്ടികളുമായി കൂടിക്കാഴ്‌ചയ്‌ക്ക് അവസരവും നൽകും. ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴിയാണു കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്കു വിടുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുന്നത്.

ആറു വയസ്സിനു മുകളിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തി വേനലവധിയായ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട വീടുകളിലേക്ക് അയയ്ക്കും. വിശ്രമജീവിതം നയിക്കുന്ന ദമ്പതികൾ, അധ്യാപകർ, കുട്ടികളുള്ള കുടുംബങ്ങൾ എന്നിവർക്കു മുൻഗണനയുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി 15 ആണ്. വിവരങ്ങൾക്ക്: 94473 35839