ഈ വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഉറപ്പ്; ആയുസ് എണ്ണിയെണ്ണി കുറയും

കോട്ടയം ജില്ലയിലും വ്യാജ വെളിച്ചെണ്ണ വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പു നടത്തിയ പരിശോധനയിൽ നിശ്ചിത ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 20 വെളിച്ചെണ്ണ ബ്രാൻഡുകളുടെ വിൽപന ജില്ലയിൽ നിരോധിച്ചു. ജില്ലയിൽ നിരോധിച്ചവയിൽ നല്ലൊരു പങ്കും പേരുമാറ്റി പുതിയ കവറുകളിൽ ജില്ലയിലെ വിപണികളിൽ എത്തുന്നുണ്ട്. ഓണക്കാലത്തെ ആവശ്യകത പരിഗണിച്ചും വൻതോതിൽ മായം കലർന്ന വെളിച്ചണ്ണ എത്താനുള്ള സാധ്യതയും ഉണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പു നൽകുന്നത്.

വൻ വിലക്കുറവു നൽകിയാണു ഭൂരിഭാഗം ബ്രാൻഡും ഗുണഭോക്താക്കളെ കബളിപ്പിക്കുന്നത്. നിരോധിച്ചവയിൽ ചിലത് കേസരി കോക്കനട്ട് ഓയിൽ, കേരളീയ നാട് കോക്കനട്ട് ഓയിൽ, കാവേരി കോക്കനട്ട് ഓയിൽ (നിർമൽ ഓയിൽ മിൽസ്), കേരം വാലി കോക്കനട്ട് ഓയിൽ, മലബാർ കുറ്റിയാടി കോക്കനട്ട് ഓയിൽ, കേരനട്ട്സ് കോക്കനട്ട് ഓയിൽ (നയൻസ്റ്റാർ അസോഷ്യേറ്റ്സ്), കേര സ്പെഷൽ (എഫിയ കോക്കനട്ട് ഓയിൽ മിൽ), ഗ്രാൻഡ് കൊക്കോ കോക്കനട്ട് ഓയിൽ (വിഷ്ണുമായാ ട്രേഡേഴ്സ്, കേരളാ രുചി കോക്കനട്ട് ഓയിൽ (എബിഎച്ച് ട്രേഡിങ് കമ്പനി), കോക്കനട്ട് ടേസ്റ്റി കോക്കനട്ട് ഓയിൽ (വണക്കം ഓയിൽ ഇൻഡസ്ട്രീസ്), കേരാമൃതം കോക്കനട്ട് ഓയിൽ (വിഷ്ണു ഓയിൽ മിൽസ്), കേരാ സ്കൂൾ കോക്കനട്ട് ഓയിൽ, കെ.എം.സ്പെഷൽ കോക്കനട്ട് ഓയിൽ, മലബാർ ഡ്രോപ്സ്, കേര സുപ്രീം നാച്ചുറൽ കോക്കനട്ട് ഓയിൽ (ജീസസ് ട്രേഡേഴ്സ്), കേരാ കുക്ക് കോക്കനട്ട് ഓയിൽ (ബിഇജെ ട്രേഡേഴ്സ്), കേര ഫൈൻ കോക്കനട്ട് ഓയിൽ (റോയൽ ട്രേഡിങ് കമ്പനി) തുടങ്ങിയവയാണു നിരോധിച്ചവയിൽ ചിലത്.

∙ സൂക്ഷിക്കണം വെളിച്ചെണ്ണയെ വെളിച്ചെണ്ണ വിപണിയുടെ നിയന്ത്രണം തമിഴ്നാട് ലോബിയേറ്റെടുത്തതോടെയാണു വ്യാജ വെളിച്ചെണ്ണ വ്യാപകമായത്. ഗുണനിലവാരമുള്ള വെളിച്ചെണ്ണയിൽ അയഡിൻ വാല്യു 7.5 മുതൽ 10 വരെയായിരിക്കും. ആസിഡ് വാല്യുവാകട്ടെ ആറിൽത്താഴെയും. മായംചേർത്ത വെളിച്ചെണ്ണയിൽ ഇവയൊക്കെ അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു വഴിവയ്ക്കുന്ന നിലയിൽ കൂടുതലാവും. പാംകെർണൽ ഓയിൽ, വൈറ്റ്‌ ഓയിൽ എന്നിവ ഹാനികരമായ മറ്റ്‌ ഓയിലുകളിൽ ചേർത്താണു വെളിച്ചെണ്ണ നിർമിക്കുന്നത്. ഉപയോഗിച്ച എണ്ണയിൽ രാസവസ്തുക്കൾ ചേർത്തും വ്യാജൻ എത്തുന്നുണ്ട്.

∙ നാടനാണോ നല്ലത്..? നല്ല ശുദ്ധമായ നാടൻ വെളിച്ചെണ്ണ എന്ന പേരിൽ ബോർഡ് സ്ഥാപിച്ച് വെളിച്ചെണ്ണ വിൽക്കുന്ന കേന്ദ്രങ്ങൾ വ്യാപകമായി. തോന്നുന്ന വില ഇവർ ഈടാക്കുന്നുണ്ട്. 230 രൂപ മുതൽ 250 രൂപ വരെ നാടൻ വെളിച്ചെണ്ണയുടെ പേരിൽ ഇവർ ഈടാക്കുന്നു. ജനങ്ങളുടെ ആശങ്ക ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം ഉയർന്നെങ്കിലും വ്യാപാരം പൊടിപൊടിക്കുകയാണ്. കിലോയ്‌ക്ക്‌ 120 രൂപ വിലയുള്ള കൊപ്രയുടെ വെളിച്ചെണ്ണ പായ്‌ക്കുചെയ്‌ത്‌ ലാഭത്തോടെ വിൽക്കണമെങ്കിൽ 230–250 രൂപ വിലവരുമെന്നാണിവർ പറയുന്നത്.

∙ നാടനിലും വ്യാജൻ മില്ലിനു മുന്നിൽ ചെറിയൊരു കടതുറന്ന് നാടൻ വെളിച്ചെണ്ണ വിറ്റപ്പോൾ നല്ല ലാഭം നേടിയ ഒരു വ്യാപാരി വ്യാപാരം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. വെളിച്ചെണ്ണ കുപ്പിയിലാക്കി ഒരു നാടൻ പേരും നൽകി വെളിച്ചെണ്ണ വലിയ തോതിൽ വിപണിയിലെത്തിച്ചു. നല്ല പ്രതികരണം ലഭിച്ചതോടെ സ്വന്തം മില്ലിൽ നിന്നുള്ള വെളിച്ചെണ്ണ പോരാതെ വന്നു. ഇപ്പോൾ വ്യാപാരി വെളിച്ചെണ്ണ വരുത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. പല നാടൻ വെളിച്ചെണ്ണ വിൽപനക്കാരും ഇത്തരത്തിൽ ‘നാടൻ വെളിച്ചെണ്ണ’ തമിഴ്നാട്ടിൽ നിന്നെത്തിക്കുന്നുണ്ട്.