ഉദ്ഘാടനം കാത്ത് എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം

എരുമേലി: ഒരു കോടി രൂപ ചെലവഴിച്ച്‌ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടും ഇനിയും ഉദ്ഘാടനമായില്ല.

പൊതുമരാമത്ത് ഇലക്ടിക് വിഭാഗം വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാത്തതാണ് ഉദ്ഘാടനം അനിശ്ചിതമായി നീളാന്‍ കാരണം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും ചികിത്സയ്ക്കായി തുറന്നുകൊടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഒന്നര വര്‍ഷം മുമ്ബാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി. എന്നാല്‍ വയറിംഗ് ജോലി മുടങ്ങിക്കിടക്കുകയാണ്. ആറ് മാസത്തിലേറയായി ഒരു ജോലിയും നടക്കുന്നില്ല.

രണ്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക വാര്‍ഡുകളാണ് വിഭാവനം ചെയ്യുന്നത്. താഴത്തെ നിലയില്‍ ആത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ പരിശോധാനാ മുറികളുമാണ്. പുതിയ കെട്ടിടം തുറന്നുകിട്ടിയാല്‍ കിടത്തി ചികിത്സ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകര്‍. ശബരിമല തീര്‍ത്ഥാടന കാലത്ത് ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്ത ശബരിമല തീര്‍ത്ഥാടനം കാലം ആരംഭിക്കാന്‍ ആറ് മാസം മാത്രം ശേഷിക്കെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന യാതൊരു പ്രതീക്ഷയുമില്ല.