ഉപജില്ലാ കായികമേള അജയ്യരായി കോരുത്തോട് സി.കെ.എം. സ്‌കൂള്‍

കുന്നുംഭാഗം(കാഞ്ഞിരപ്പള്ളി): കായികകേരളത്തിന് നിരവധി പ്രതിഭകളെ നല്‍കിയ കോരുത്തോട് സി.കെ.എം. സ്‌കൂള്‍ ഇത്തവണയും അജയ്യരാണെന്ന് തെളിയിച്ചു.

തൊട്ടടുത്ത എതിരാളികളെ 204 പോയിന്റിന്റെ വ്യത്യാസത്തില്‍ മറികടന്ന് 351 പോയിന്റുമായി കോരുത്തോട് സി.കെ.എം. സ്‌കൂള്‍ ഉപജില്ലാ കായികമേളയില്‍ ഒന്നാംസ്ഥാനത്തെത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സി.കെ.എമ്മിന് കിരീടം നഷ്ടപ്പെട്ടിട്ടുള്ളത്. എ.കെ.അക്ഷയമോളും എം.എസ്.സോജാമോനും മേളയിലെ വേഗമേറിയ താരങ്ങളായി. 147 പോയിന്‍േറാടെ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ രണ്ടാംസ്ഥാനത്തെത്തി. പഴയ ദേശീയതാരവും കായികാചാര്യ തോമസ് മാഷിന്റെ ശിഷ്യനുമായിരുന്ന കോരുത്തോട് ഓലിക്കാമറ്റത്തില്‍ ഷാജിയുടെ മകള്‍ അക്ഷരമോള്‍ മേളയിലെ പുതിയ കണ്ടെത്തലായി. സമാപന സമ്മേളനം ജില്ലാപ്പഞ്ചായത്തംഗം മറിയാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. അനിത ഷാജി സമ്മാനദാനം നടത്തി.