ഉപേക്ഷിച്ച കരിക്കിൻതൊണ്ടുകൾ ആരോഗ്യപ്രശ്നമാകുമെന്ന് പരാതി

എരുമേലി: ശബരിമല തീർഥാനത്തിനായി എരുമേലിയിൽ ദേവസ്വം ബോർഡ്, സ്വകാര്യ മൈതാനങ്ങളിൽ തീർഥാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കരിക്കിൻ തൊണ്ടുകൾ ഉൾപ്പെടെ മാലിന്യക്കൂമ്പാരം നീക്കിയില്ല. താത്ക്കാലിക കടകൾക്ക് ഗ്രാമ പഞ്ചായത്ത് അധികൃതർ ലൈസൻസ് നല്കുന്നത് മാലിന്യങ്ങൾ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യണമെന്ന വ്യവസ്‌ഥയിലാണ്. എന്നാൽ എരുമേലിയിലെ മൈതാനങ്ങളിൽ കടകൾ സ്‌ഥാപിച്ചവർ തീർഥാടനം കഴിഞ്ഞ് കട പൊളിച്ച് സാധനങ്ങൾ കൊണ്ടുപോയിട്ടും ഈ സ്‌ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ തയാറായില്ല. എന്നാൽ ലൈസൻസ് നല്കിയ ഗ്രാമ പഞ്ചായത്ത് അധികൃതരോ വൻതുക വാങ്ങി ലേലത്തിൽ നൽകിയ ദേവസ്വം ബോർഡോ ഈ പ്രശ്നം പരിഹരിക്കുന്നതിന് തയാറായിട്ടില്ല.

കഴിഞ്ഞ ദിവസം അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ എരുമേലിയിൽ സമ്പൂർണ ശുചീകരണം നടത്തിയിരുന്നു. വലിയമ്പലം പാതയിലെ വിവിധ കടകളിലെ മാലിന്യങ്ങൾ റോഡിന് ഇരുവശത്തുമായി കടകൾ നിലനിന്നിരുന്ന സ്‌ഥലങ്ങളിൽ കുന്നുകൂടി കിടക്കുകയാണ്. മാലിന്യങ്ങൾ നിക്കം ചെയ്യാത്ത കടയുടമകൾക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്.