ഉയർത്തുന്നതു മുഴുവൻ വിജയങ്ങളാണ്

കാഞ്ഞിരപ്പള്ളി ∙ എടുത്താൽ പൊങ്ങാത്ത വിജയങ്ങളാണ് ഈ സഹോദരങ്ങൾ വാരിക്കൂട്ടുന്നത്. അലൻ സെബാസ്റ്റ്യനും അനുജത്തി അലീന സെബാസ്റ്റ്യനുമാണു ഭാരോദ്വഹന മത്സരങ്ങളിൽ വിജയകൊടി പാറിക്കുന്ന സഹോദരങ്ങൾ.

കൃഷിക്കാരായ ചോറ്റി ഊരയ്ക്കനാട് അരിമറ്റംവയലിൽ ഷാജി–ബീന ദമ്പതികളുടെ മക്കളാണ് അലനും അലീനയും. അലൻ സംസ്ഥാനതല സർവകലാശാല മത്സരങ്ങളിൽ വിജയങ്ങൾ വാരികൂട്ടുമ്പോൾ സഹോദരി അലീന സംസ്ഥാനതല സ്കൂൾ മത്സരങ്ങളിലാണു തിളങ്ങുന്നത്.

സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാം വർഷ ബികോം വൊക്കേഷനൽ വിദ്യാർഥിയായ അലൻ എംജി സർവകലാശാല വെയിറ്റ് ലിഫ്റ്റിങ് ടീമിലെ അംഗമാണ്.102 കിലോഗ്രാമാണ് അലന്റെ ഇഷ്ടയിനം. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.

കാസർകോട് നടന്ന സംസ്‌ഥാന ജൂനിയർ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടി. പത്തനംതിട്ടയിൽ നടന്ന എംജി സർവകലാശാല വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണം, ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വെള്ളി എന്നിവയും അലൻ നേടി. ഇടക്കുന്നം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അലീന +84 കിലോഗ്രാം വിഭാഗത്തിലാണു മത്സരിക്കുന്നത്.

തൃശൂരിൽ നടന്ന സംസ്‌ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണവും കാസർകോട് നടന്ന 47-മതു സംസ്‌ഥാന സബ് ജൂനിയർ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളിയും നേടി.

അസാമിൽ നടത്തുന്ന ദേശീയ സ്കൂൾ മത്സരത്തിനുള്ള കേരള സംസ്‌ഥാന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ‌ സെന്റ് ഡൊമിനിക്സ് കോളജിലെ കായിക വിഭാഗം മേധാവി പ്രഫ.പ്രവീൺ തര്യന്റെ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.