ഉരുള്‍പ്പൊട്ടലുണ്ടാകുമെന്ന് എം. എല്‍. എയുടെ സന്ദേശം: പരിഭ്രാന്തി പരത്തുന്നതായി ജില്ലാ പഞ്ചായത്തംഗം

കൂട്ടിക്കൽ : മൂന്നു പഞ്ചായത്തുകളില്‍ ഉരുള്‍പ്പൊട്ടലുണ്ടാകുമെന്ന് പി. സി. ജോര്‍ജിന്റെ ശബ്ദത്തില്‍ പ്രചരിക്കുന്ന സന്ദേശം പരിഭ്രാന്തി പരത്തുന്നു. മൂന്നു പഞ്ചായത്തുകളിലെ ഏതാനും പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളത്. എന്നാല്‍ പി. സി. ജോര്‍ജ് നല്‍കുന്ന സന്ദേശത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാകുമെന്ന് ജില്ല പഞ്ചായത്തംഗം കെ. രാജേഷ് പറഞ്ഞു.

വരുന്ന 14, 15 തീയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലയോര പ്രദേശമായ കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ മാറി താമസിക്കണമെന്നാണ് പി. സി. ജോര്‍ജ് എം. എല്‍. എ. സന്ദേശം നല്‍കുന്നത്. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണെന്നാണ് കെ. രാജേഷ് പറയുന്നത്. ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദേശ പ്രകാരം മേഖലയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം തഹസീല്‍ദാരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. കൂട്ടിക്കല്‍ വില്ലേജിലും നാട്ടുകാരെ സംഘടിപ്പിച്ച് അവലോകന യോഗവും നടന്നു. ഇതിനിടയിലാണ് എം. എല്‍. എ. നിരുത്തരവാദിത്വപരമായി സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.