ഉറവിട മാലിന്യ സംസ്‌കരണത്തിന്‌ മാതൃകയൊരുക്കി കുട്ടികളുടെ കൂട്ടായ്‌മ

കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനത്തില്‍ പരിസ്‌ഥിതി സംരക്ഷണത്തിന്‌ തുടക്കംകുറിച്ച്‌് കുട്ടികളുടെ കൂട്ടായ്‌മ.

പൊടിമറ്റം കൈരളി ഹൗസിംഗ്‌ കോളനിയിലെ വിദ്യാര്‍ത്ഥികളാണ്‌ മാലിന്യ സംസ്‌കരണവും തരംതിരിക്കലും വീടുകളില്‍ തന്നെ നടപ്പിലാക്കുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.

വീടുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളില്‍ പുനരുപയോഗം സാദ്ധ്യമാക്കുന്ന പ്ലാസ്‌റ്റിക്‌, ലോഹ മാലിന്യങ്ങള്‍, കുപ്പിച്ചില്ലുകള്‍ എന്നിവ വീടുകളില്‍ പ്രത്യേകം സജ്‌ജീകരിച്ചിരിക്കുന്ന ബാഗുകളില്‍ തരംതിരിച്ച്‌ സംഭരിക്കുകയാണ്‌ ആദ്യഘട്ടം. മാലിന്യങ്ങള്‍ ഇത്തരത്തില്‍ സംഭരിക്കുമെന്ന്‌ വീട്ടുടമസ്‌ഥര്‍ നിന്നും കുട്ടികള്‍ക്ക്‌ സമ്മതപത്രവും ഒപ്പിട്ടു നല്‍കി.

പരീക്ഷണ അടിസ്‌ഥാനത്തില്‍ 25 വീടുകളിലാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്‌. വീട്ടുടമകളില്‍നിന്നു ലഭിച്ച സമ്മതപത്രം പാറത്തോട്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ഡയസ്‌ കോക്കാട്ടിനു കൈമാറി.

പഞ്ചായത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്ക്‌ കുട്ടികള്‍ നടപ്പിലാക്കുന്ന മാതൃക സഹായകമാകുമെന്ന്‌ പ്രസിഡന്‍റ്‌ പറഞ്ഞു.

പരിസ്‌ഥിതി സംരക്ഷണത്തിനാവശ്യമായ ബോധവത്‌കരണ പ്രവര്‍ത്തനം നടത്തുന്ന കുട്ടികള്‍ക്ക്‌ പഞ്ചായത്തിന്‍റെ അംഗീകാരപത്രം നല്‍കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ അറിയിച്ചു. പരിസ്‌ഥിതി സംരക്ഷണ പ്രതിജ്‌ഞ ഡോ. അനറ്റ്‌ ജോസഫ്‌ കുട്ടികള്‍ക്കു ചൊല്ലി നല്‍കി.

ജോംസ്‌ വാളിപ്ലാക്കല്‍, അല്‍ക്ക്‌ ബിജു ഉറുന്പുനിരപ്പേല്‍, ജോര്‍ഡി ആനത്താനം, ഷാനന്‍ ചൂണ്ടശ്ശേരി, റോസ്‌മേരി പൊട്ടംകുളം, ഫര്‍സിന്‍ അജ്‌മല്‍, മറിയ കടമപ്പുഴ, സാനിയ വളയത്തില്‍, ജിയോ ഞാവള്ളിയില്‍ എന്നിവരാണ്‌ കുട്ടികളുടെ കൂട്ടായ്‌മയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌.