ഊത്തമീൻ

മഴവെള്ളത്തിനൊപ്പം ഊത്തമീൻ എത്തിയതോടെ മൂവാറ്റുപുഴയാറിൽ മീൻ പിടുത്തക്കാർ കൂട്ടമായെത്തി… വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവർക്ക് കൂടനിറച്ച് മീനും കിട്ടി. സർക്കാർ വളർത്താനിട്ട മീനാണോ എന്നറിയില്ല, ചൂണ്ടയിൽ നല്ല മുഴുത്ത മീനുകളാണ് കുടുങ്ങിയത്.
പുഴയോരത്തെ നടപ്പാതയ്ക്കരികിൽ അൻപതോളം പേരാണ് ഞായറാഴ്ച വൈകീട്ട് മീൻ പിടിക്കാനെത്തിയത്. ചൂണ്ടയുമായി വണ്ടിയിലും ബൈക്കിലുമായി ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരും എത്തിയതോടെ നടപ്പാത മീൻ പിടിത്ത കേന്ദ്രമായി.
മീൻപിടിത്തക്കാർ കൂട്ടത്തോടെ എത്തിയതോടെ ഇതുകണ്ട് നാട്ടുകാരും കൂടി. ചെറുപ്പക്കാരും പ്രായമായവരും ഉണ്ടായിരുന്നു മീൻ പിടുത്തക്കാരിൽ. ചിലർക്ക് കൗതുകമാണെങ്കിൽ മറ്റ് ചിലർക്ക് വളരെ ഗൗരവമുള്ള പണിയായിരുന്നു മീൻപിടിത്തം. എല്ലാ ദിവസവും മീൻ പിടിക്കാൻ വരുന്നവരും ഉണ്ടായിരുന്നു കൂട്ടത്തിൽ.
കഴിഞ്ഞ വർഷവും വർഷകാലത്ത് ‘ഊത്ത’ കയറിയപ്പോൾ മീൻ പിടിക്കാൻ വലിയ തിരക്കായിരുന്നു ഇവിടെ. ‘പുഴയമ്മ’ പക്ഷേ ആരെയും നിരാശപ്പെടുത്തിയില്ല. കുട്ടനിറയെ മീനാണ് സമ്മാനിച്ചത്.