എട്ടു ദിവസംകൊണ്ട് 10.74 സെന്റീമീറ്റർ മഴ

കാഞ്ഞിരപ്പള്ളി ∙ തുള്ളിക്കൊരുകുടമായി തുലാവർഷം പെയ്തപ്പോൾ താലൂക്കിൽ എട്ടു ദിവസംകൊണ്ടു കിട്ടിയത് 10.74 സെന്റീമീറ്റർ മഴ. ഉച്ചയാകുന്നതോടെ മേഘാവൃതമായി ആകാശം കറുത്തിരുണ്ടു സന്ധ്യയുടെ പ്രതീതിയിലെത്തും. മൂന്നും നാലും ഭാഗങ്ങളായി പെയ്യുന്ന മഴയുടെ ശക്തി കാലവർഷത്തിന്റെ ഇരട്ടിയിലധികമാണ്. ഒരു മഴ കഴിയുമ്പോൾത്തന്നെ കൈത്തോടുകൾ നിറഞ്ഞു കവിഞ്ഞിരിക്കും. ഒക്ടോബറിൽ മാത്രം താലൂക്കിൽ ലഭിച്ചത് 42.80 സെന്റീമീറ്റർ മഴയാണ്.

ഒക്ടോബർ മുതൽ ഈ മാസം എട്ടുവരെ ജില്ലയിൽ കിട്ടിയത് 44.54 സെന്റീമീറ്റർ മഴയും. പ്രതീക്ഷിച്ചിരുന്നതിനെക്കാൾ രണ്ടു ശതമാനം കൂടുതലാണിത്. മഴ തുടരുന്നതിനാൽ മണ്ഡലകാലത്തിനു മുന്നോടിയായുള്ള റോഡുനിർമാണവും കുഴിയടയ്ക്കലും അവതാളത്തിലായി. ദേശീയപാത 183ൽ കുഴിയടച്ചുപോയിരുന്നയിടം വീണ്ടും പൊട്ടിപ്പൊളിഞ്ഞു ഗർത്തങ്ങളായിരിക്കുകയാണ്. റോഡുകളിലെ വെള്ളമൊഴുക്ക് ഇതേവരെ നിന്നിട്ടില്ല. ഇടറോഡുകളും നടപ്പാതകളും വെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയി. ഓടകളില്ലാതെ നിർമിക്കുന്ന ഇത്തരം റോഡിലൂടെയാണു മിക്കപ്പോഴും വെള്ളം ഒഴുകുന്നത്.

ഇടറോഡുകളിൽനിന്നു കല്ലും മണ്ണും ഒലിച്ചെത്തി പ്രധാന പാതകളും തകർന്നു. ഓടകൾ അടഞ്ഞതോടെ റോഡുകളിലെല്ലാം വെള്ളക്കെട്ടും വെള്ളപ്പൊക്കവുമാണ്. പ്രധാന പാതകളുടെ ഇരുവശത്തെയും മണ്ണു കുത്തിയൊലിച്ചുപോയി വലിയ കട്ടിങ്ങുകൾ രൂപപ്പെട്ടിരിക്കുകയാണ്. വെള്ളപ്പാച്ചിലിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനർനിർമിക്കാൻ ഫണ്ട് ഏറെ വേണ്ടിവരും. ഉരുളൻകല്ലുകൾ നിരന്ന റോഡുകൾ ഇരുചക്രവാഹന യാത്രക്കാർക്കു പരീക്ഷണംതന്നെയാണ്.