എന്ത് കൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്? ഇതാ അതിനുപിന്നിലുള്ള ഏഴ് കാരണങ്ങള്‍

കൊതുക് കടിക്കുന്നത് ശരീരത്തിൽ ചോര അധികമുണ്ടായിട്ടാണെന്ന് ചിലർ വീമ്പു പറയാറുണ്ട്. അത് ശരിയാണോ? കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നത്. എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ. എന്നാൽ കേട്ടോളൂ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഇതാ ചിലരെ മാത്രം കൊതുക് കടിക്കുന്നതിന്റെ ഏഴ് കാരണങ്ങൾ നോക്കാം.

വസ്ത്രത്തിന്റെ നിറം

വസ്ത്രത്തിന്റെ നിറം നോക്കാൻ കൊതുക് തിരിച്ചറിൽ പരേഡ് നടത്തിയാണോ കടിക്കുന്നത് എന്ന് സംശയിക്കേണ്ട. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകൾക്ക്. ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകർഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻ ഇടയുണ്ട്.

രക്ത ഗ്രൂപ്പ്

ആൺകൊതുകുകൾ ചോരകുടിയന്മാരല്ല. പക്ഷെ മുട്ടയിട്ടു പെരുകുന്ന പെൺകൊതുകുകൾ രക്തത്തിലെ പ്രൊട്ടാനുകൾ ശേഖരിക്കും. ഇതിനായി ഒ ഗ്രൂപ്പുകാരെ തിരിച്ചറിഞ്ഞാൽ ഇവ വിടില്ല. മറ്റേതൊരു രക്തഗ്രൂപ്പിനെയും അപേക്ഷിച്ച് ഒ ഗ്രൂപ്പിലുള്ളവരെയാണ് കൂടുതലായും കൊതുകുകള്‍ ലക്ഷ്യമിടുന്നത്. കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. എങ്കിലും കൊതുകുകൾക്ക് പ്രിയം എ ഗ്രൂപ്പ് തന്നെ. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയർപ്പിലൂടെ പോലും കൊതുകുകൾക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാക്കാനാകും.

വലിയവരോടിഷ്ടം

വലിയ ശരീരം ഉള്ളവരോട് കൊതുകുകൾക്ക് താൽപര്യം കൂടുതലാണ്. ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും.

ഗർഭിണികളെ പ്രേമിക്കുന്ന കൊതുക്

ഗര്‍ഭിണികളായ സ്ത്രീകളും കൊതുകുകളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാകുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നു. ആഫ്രിക്കയിൽ നടത്തിയ സർവ്വേയിൽ മലേറിയ ബാധിച്ച രോഗികളിൽ കൂടുതലും ഗർഭിണികളായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

വിയർപ്പുള്ളവരെ തേടിപ്പിടിക്കും

വിയർപ്പും ചൂടും കൂടുതലുള്ളവരെ കൊതുക് വേഗം ആകര്‍ഷിക്കും. വ്യായാമം, നൃത്തം എന്നിവ സ്ഥിരമായി ചെയ്യുന്നവരിൽ വിയർപ്പുണ്ടായിക്കൊണ്ടേ ഇരിക്കാറുണ്ട്. രക്തം ചൂടാവുക, വിയർക്കുക, വിയർപ്പിന്റെ ഗന്ധം എന്നിവ കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണത്രെ. വിയര്‍പ്പിന്റെ മണത്തിന് കാരണം ലാക്ടിക് ആസിഡ്, യൂറിഡ് ആസിഡ്, അമോണിയ എന്നിവയാണ്. ഇവ കൊതുക് ഏറെ ആകർഷിക്കും. കൊതുകുള്ളിടത്തേക്ക് ഇത്തരക്കാർ അടുക്കുകയേ വേണ്ട.

നല്ല ത്വക്കുള്ളവർ

മൃദുചർമ്മമുള്ളരെയും ഭംഗിയുള്ള ശരീരമുള്ളവരെയും കൊതുക് വെറുതെ വിടില്ല. ഇവരിൽ ശരീരം വിയർപ്പിലൂടെ പുറം തള്ളുന്ന ബാക്ടീരിയ ത്വക്കിന്റെ ഘടനകളിൽ കൂടുതൽ നേരം നിലനിൽക്കും. ഇതത്രക്കാരെ കൊതുക് ആക്രമിക്കും.

ബിയര്‍ ഇഷ്ടമുള്ള കൊതുക്

ബിയർ കുടിക്കുന്നവരുടെ കഷ്ടകാലം. ബിയർ കൊതിയന്മാരെ നിങ്ങളെപ്പോലെ ബിയർ ഇഷ്ടമാണ് കൊതുകിനും. ബിയർ കുടിക്കുന്നവരുടെ ശരീരത്തെ പെട്ടെന്ന് കൊതുകുകൾ ആകർഷിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന് ശാസ്ത്രീയവിശദീകരണവുമുണ്ട്. ബിയറിലെ എഥനോളിന്റെ അംശം വിയര്‍പ്പിലൂടെ പുറത്തേക്ക് വരും. ഇത് മനസിലാക്കുന്ന കൊതുകുകള്‍, ബിയര്‍ കുടിച്ചയാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും.