എമ്മാനുവല്‍ ആശ്രമത്തോടനുബന്ധിച്ച് പണിപൂര്‍ത്തിയാക്കിയ വി.ജോണ്‍ പോള്‍ രണ്ടാമന്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തമ്പലക്കാട്: സമൂഹത്തില്‍ നിരാലംബര്‍ക്കുള്ള വിദ്യാഭ്യാസ, ചികിത്സാ, പുനരധിവാസ, പരിശീലന പരിപാടികള്‍ക്കായി സമഗ്രനിയമനിര്‍മ്മാണം കൊണ്ടുവന്നത് അവരുടെ അവകാശമായതിനാലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മദ്യപാനത്തിനടിമപ്പെട്ടവരുടെ വീണ്ടെടുപ്പിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തമ്പലക്കാട് എമ്മാനുവല്‍ ആശ്രമത്തോടനുബന്ധിച്ച് റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പണിപൂര്‍ത്തിയാക്കിയ വി.ജോണ്‍ പോള്‍ രണ്ടാമന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമ്മാനുവല്‍ ആശ്രമം പോലുള്ള സാമൂഹിക, ആധ്യാത്മിക, സാംസ്‌കാരിക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ഗവണ്‍മെന്റിന്റെ നയം. സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് എല്ലാവരുടെയും ചുമതലയാണ്. മനോരോഗി പുനരധിവാസനിയമവും സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുള്ള നടപടികളും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ചെറിയാന്‍ ഈപ്പന്‍ ആമുഖപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി., ഡോ.എന്‍. ജയരാജ് എം.എല്‍.എ., വികാരി ജനറാള്‍ ഡോ. ജോസ് പുളിക്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, എഒസിഐകെ സംസ്ഥാന പ്രസിഡന്റ് ഫാ. മാത്യു കെ. ജോണ്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീര്‍, ജില്ലാ പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, മുന്‍ ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ്, ഫാ.സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്, ഫാ.ജോര്‍ജ് കൊച്ചുപറമ്പില്‍, ഫാ.ചെറിയാന്‍ ചുളയില്ലാപ്ലാക്കല്‍, ഫാ.ജിന്‍സ് വാതല്ലൂക്കുന്നേല്‍, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട്, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ രാജു ജോര്‍ജ്, മണി രാജു, ഡോ.സിസ്റ്റര്‍ കാര്‍മ്മലി, കെ.സി. മനോജ്കുമാര്‍, റ്റി.കെ. മോഹനന്‍, നാരായണന്‍നമ്പൂതിരി, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ സംസാരിച്ചു.