എയർപോർട്ടിന് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ചെറുവള്ളി എസ്റ്റേറ്റിന്റെ കരം അടക്കൽ കുരുക്കിൽ.

എരുമേലി : ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച ചെറുവള്ളി എസ്റ്റേറ്റിന്റെ റവന്യൂ ഭൂനികുതിയായ കരം സ്വീകരിക്കാൻ തയ്യാറാകാതെ റവന്യൂ വകുപ്പ് . കരം അടക്കാനുള്ളതാകട്ടെ 32 ലക്ഷത്തിൽ പരം രൂപയും . എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതിനാൽ കരം സ്വീകരിക്കണമോ വേണ്ടയോ എന്ന് വ്യക്തതയില്ലാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥർ. ഒടുവിൽ ഇപ്പോൾ ഉന്നത തല അനുമതി തേടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലത്തിന്റെ നികുതി സ്ഥലം കൈവശം വെച്ചിരിക്കുന്നവരിൽ നിന്നും നിയമപ്രകാരം സ്വീകരിക്കാൻ കഴിയുമോയെന്നാണ് പ്രധാന സംശയം.

ഇതിനിടെ ഓൺലൈൻ വഴി നികുതി അടക്കാൻ ബിലീവേഴ്‌സ് ചർച്ച് ജീവനക്കാർ ശ്രമം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. നികുതി രജിസ്റ്ററിൽ എസ്റ്റേറ്റിന്റെ പേര് ഇല്ലാത്തതിനാലാണ് ഓൺലൈൻ വഴി കരം അടക്കാനുള്ള നീക്കം പരാജയപ്പെട്ടത്. . ഇതിനിടെ തഹസിൽദാരെ കണ്ട് നേരിട്ട് നികുതി അടക്കാൻ ശ്രമിച്ചെങ്കിലും നികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. നികുതി അടക്കാനെത്തിയവരെ ഉദ്യോഗസ്ഥർ മടക്കി അയച്ചു. ഏകദേശം 32 ലക്ഷത്തോളം രൂപയാണ് ഭൂനികുതിയായി അടക്കാനുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കരം നികുതി അടക്കാനുള്ള അപേക്ഷയുമായി കഴിഞ്ഞ ദിവസം ബിലീവേഴ്‌സ് ചർച്ചിന്റെ ജീവനക്കാർ കാഞ്ഞിരപ്പള്ളി തഹസിൽദാരെ സന്ദർശിച്ചത്. എന്നാൽ അപേക്ഷ സ്വീകരിക്കാൻ തഹസിൽദാർ തയ്യാറായില്ല. തുടർന്നാണ് ഓൺലൈൻ വഴി നികുതി അടക്കാൻ നടത്തിയ നീക്കവും പരാജയപ്പെട്ടത്. എസ്റ്റേറ്റിന്റെ കരം റദ്ദാക്കി വർഷങ്ങൾക്ക് മുമ്പ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും അതേപടി തുടരുകയാണ്. പോക്കുവരവും തണ്ടപ്പേരും അന്ന് റദ്ദ് ചെയ്തിരുന്നു. ഇതിന് ശേഷം കഴിഞ്ഞയിടെ അനുകൂല കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കരം അടക്കാൻ ബിലീവേഴ്‌സ് ചർച്ച് ശ്രമം തുടങ്ങിയത്. എന്നാൽ ഈ വിധിയുടെ അടിസ്ഥാനത്തിൽ നികുതി രജിസ്റ്ററിൽ എസ്റ്റേറ്റിന്റെ പേര് പുനഃസ്ഥാപിക്കുകയോ തണ്ടപ്പേരും പോക്കുവരവ് രേഖയും പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇത് മൂലമാണ് ഇപ്പോൾ നികുതി സ്വീകരിക്കാൻ പ്രാഥമിക തടസം നേരിട്ടിരിക്കുന്നത്. ഈ തടസത്തിന് പുറമെ വിമാനത്താവളത്തിനായി എസ്റ്റേറ്റിലെ അനുയോജ്യമായ ഭൂമി നിർണയിച്ച് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതും നികുതി വാങ്ങുന്നതിന് തടസമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നികുതി രജിസ്റ്ററിൽ എസ്റ്റേറ്റിന്റെ പേര് പുനഃസ്ഥാപിക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചാലല്ലാതെ നടപടികൾ സ്വീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എരുമേലി തെക്ക് വില്ലേജിൽ 834 ഹെക്ടറും മണിമല വില്ലേജിൽ 60.437 ഹെക്ടർ ഭൂമിയും ഉൾപ്പെടെ എസ്റ്റേറ്റിന്റെ മൊത്തം 2264 ഏക്കർ ഭൂമിക്ക് 2009 ജൂൺ 19 നാണ് പോക്ക് വരവ് റദ്ദാക്കി കരം അടക്കുന്നത് തടഞ്ഞ് എം 5679 /2008 നമ്പർ പ്രകാരം കോട്ടയം ആർഡിഒ ഉത്തരവിട്ടത്. എരുമേലി തെക്ക് വില്ലേജിൽ 29.59 ലക്ഷത്തിൽ പരം രൂപയാണ് തുടർന്ന് കരം നികുതിയിനത്തിൽ ലഭിക്കാനുള്ളത്. മണിമല വില്ലേജിൽ 1.82 ലക്ഷം രൂപയാണ് കരം ഇനത്തിൽ ഉള്ളത്. രണ്ട് വില്ലേജുകളിലുമായി പലിശ ഉൾപ്പെടെ മൊത്തം തുക 32 ലക്ഷം കടക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു .

2015 മെയ് 28 നാണ് സർക്കാർ ഭൂമിയായി എസ്റ്റേറ്റ് ഏറ്റെടുത്ത് സ്പെഷ്യൽ ഓഫീസർ എം ജി രാജമാണിക്യം ഉത്തരവിട്ടത്. ഇതിനെതിരെ കോടതികളിൽ നീണ്ട നിയമ വ്യവഹാരത്തിലാണ് ഇപ്പോൾ ഭൂനികുതി അടയ്ക്കുന്നതിന് അനുമതി നൽകി ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ കഴിഞ്ഞയിടെ നിർദേശിച്ചെങ്കിലും നടപടികൾ ഒന്നുമായില്ല. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിന് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ നികുതി സ്വീകരിക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ഉദ്യോഗസ്ഥർ.