എരുമേലിക്ക് ഉത്സവത്തിന്റെ ദിനരാത്രങ്ങളായി; ചന്ദനക്കുടം സ്വീകരിക്കുന്നത് ആഭ്യന്തരമന്ത്രി

എരുമേലി: ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന എരുമേലിയുടെ മതമൈത്രിക്ക് പെരുമ നല്‍കുന്ന ചന്ദനക്കുട ആഘോഷങ്ങള്‍ക്കും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനും ഇനി ദിവസങ്ങള്‍ മാത്രം. 11നാണ് ചന്ദനക്കുട ആഘോഷം.

എരുമേലിയില്‍ എത്തുന്ന കോടിയോളം അയ്യപ്പഭക്തര്‍ക്ക് മുസ്‌ലിംകള്‍ നല്‍കുന്ന അഭിവാദ്യവും ആദരവുമാണ് അഘോഷത്തിന് പിന്നില്‍. പിറ്റേന്ന് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ ഐതിഹ്യ സ്മരണ പുതുക്കി പേട്ടതുള്ളല്‍ നടത്തും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘവും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘവും എരുമേലിയില്‍ പേട്ടതുള്ളല്‍ നടത്തുന്നതിനായി വിവിധ ക്ഷേത്രങ്ങളിലായി അചാര വഴിപാടുകള്‍ പൂര്‍ത്തിയാക്കുന്ന യാത്രയിലാണ്. രണ്ട് ആഘോഷങ്ങള്‍ക്കുമായി എരുമേലിയില്‍ പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയെന്ന് പോലീസ് പറഞ്ഞു.

11 ന് ഉച്ചക്ക് 1.30ാടെ ചന്ദനക്കുട ആഘോഷത്തിന് തുടക്കം കുറിച്ച് നൈനാര്‍ പള്ളിയില്‍ നിന്നു മാലിസ ഘോഷയാത്ര പുറപ്പെടും. രാത്രിഒന്‍പതോടെയാണ് ചന്ദനക്കുട ഘോഷയാത്ര ഗജവീരന്‍മാരുടെ അകമ്പടിയോടെ പള്ളിയില്‍ നിന്ന് ആരംഭിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ഒപ്പം മതമൈത്രിയുടെ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പ്രസംഗിക്കും. എംപി ആന്റോ ആന്റണി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ യു.വി. ജോസ്, ജില്ലാ പോലീസ് ചീഫ് സതീഷ് ബിനോ, ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുന്‍പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ഫാ. ജോസഫ് തറയില്‍, എന്‍.ബി. ഉണ്ണിക്കൃഷ്ണന്‍, സി.ജി. രാജന്‍, ടി.എസ്. കൃഷ്ണകുമാര്‍, പി.കെ. അബ്ദുള്‍ കരീം എന്നിവര്‍ പ്രസംഗിക്കും.

ആഘോഷങ്ങള്‍ക്ക് മുമ്പ് അന്ന് വൈകുന്നേരം അഞ്ചിന് അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന് ജമാഅത്ത് ഹാളില്‍ ഭാരവാഹികള്‍ പ്രത്യേക സ്വീകരണം നല്‍കും. പന്തളം കൊട്ടാരം രാജ പ്രതിനിധി ശ്രീമൂലം നാള്‍ ശശികുമാര്‍ വര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ മുഖ്യഅതിഥിയായി പങ്കെടുക്കും. അമ്പലപ്പുഴ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, ചീരപ്പന്‍ചിറ കേശവലാല്‍, വഖഫ് ബോര്‍ഡ് പ്രതിനിധി ടി.എ അബ്ദുള്‍ ബഷീര്‍, അയ്യപ്പസേവാസംഘം ഭാരവാഹി ടി.പി. ശശിധരന്‍ നായര്‍ തുടങ്ങിയിവര്‍ പ്രസംഗിക്കും.