എരുമേലിയിലെ കുളിക്കടവിൽ ഷവർ സൗകര്യമൊരുങ്ങി

എരുമേലി: പേട്ട തുള്ളിയെത്തുന്ന അയ്യപ്പഭക്തർക്ക് എരുമേലിയിൽ കുളിക്കാൻ സൗകര്യമായി. കുളിക്കടവിന്റെ കരയിൽ ക്രമീകരിച്ചിട്ടുള്ള ഷവറുകൾ പ്രവർത്തിപ്പിച്ചതോടെയാണ് ഭക്തർക്ക് കുളിക്കാൻ സൗകര്യമൊരുങ്ങിയത്.

വെള്ളമില്ലാതെ മലിനമായ നിലയിലാണ് കുളിക്കടവ്. ഭക്തർക്ക് ദേവസ്വത്തിന്റെ ശൗചാലയ യൂണിറ്റ് തുറന്നിട്ടുണ്ട്. ഇവവ്യക്തികൾക്ക് കരാർ നല്കിയിരിക്കുകയാണ്. ശൗചാലയം ഉപയോഗിക്കുന്നതിന് പണം നൽകണം.

തീർഥാടനകാലത്തും മാസപൂജാ സമയങ്ങളിലും ശൗചാലയങ്ങൾ തുറക്കാറുണ്ടെങ്കിലും മറ്റ് സമയങ്ങളിൽ പ്രവർത്തനമില്ല. കേരളത്തിനകത്തും പുറത്തും പ്രസിദ്ധമാണ് എരുമേലി ധർമശാസ്താ ക്ഷേത്രം.

സാധാരണ സമയങ്ങളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നിരവധിയാളുകൾ ദർശനത്തിനെത്താറുണ്ട്. എന്നാൽ, ശൗചാലയ സൗകര്യം ലഭ്യമല്ല. ഭക്തർക്ക് പൊതുവായി ഒരു ശൗചാലയ യൂണിറ്റ് തുറന്നിടുമെന്ന് രണ്ടുവർഷം മുൻപ് ദേവസ്വംബോർഡ് പറഞ്ഞെങ്കിലും നടപ്പാക്കിയിട്ടില്ല.