എരുമേലിയിലെ തെരുവുവിളക്കുകൾ പൂർണമായി തകരാറിലായി

എരുമേലി∙ ശബരിമല മകരവിളക്ക് സീസണിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പൂർണമായി തകരാറിലായി ലക്ഷക്കണക്കിനു രൂപ പാഴായതായി ആരോപണം. നിലവാരം കുറഞ്ഞ വിളക്കുകൾ സ്ഥാപിച്ചതാണു തകരാറിനിടയാക്കിയതെന്നു നാട്ടുകാർ ആരോപിക്കുന്നു.

തെരുവുവിളക്കുകളുടെ അഭാവം മൂലം ജനം വലയുകയാണ്. കഴി‍ഞ്ഞ മണ്ഡലകാലത്തിന്റെ അവസാനത്തിലാണ് എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. കണ്ണിമല പാറമട മുതൽ കൊരട്ടി വരെയുള്ള ശബരിമല ലിങ്ക് റോഡിൽ വിളക്കുകൾ പൂർണമായി പ്രവർത്തനരഹിതമായിരിക്കുകയാണ്.

എരുമേലി മുതൽ കണമല വരെയുള്ള വിവിധ ശബരിമല പാതകളിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ വലിയൊരു പങ്കും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഇവയിൽ പലതും പഴയവ അറ്റകുറ്റപ്പണി ചെയ്തു തട്ടിക്കൂട്ടി സ്ഥാപിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്. മുക്കൂട്ടുതറ അടക്കമുള്ള പ്രധാന പട്ടണങ്ങളും ഇപ്പോൾ ഇരുട്ടിലാണ്. ശബരിമല സീസൺ പ്രവർത്തനങ്ങൾക്കായി മേഖലയിലെ വിവിധ പഞ്ചായത്തുകൾക്കു ലക്ഷക്കണക്കിനു രൂപയാണ് സർക്കാർ അനുവദിക്കുന്നത്.

പദ്ധതി തുകയ്ക്കു പുറമേ ലഭിക്കുന്ന ഈ തുക തെരുവുവിളക്കുകൾ അടക്കമുള്ളവയുടെ പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു. തെരുവുവിളക്കുകളുടെ നിലവാരം സംബന്ധിച്ചു പഞ്ചായത്തിലേക്കു വിവരാവകാശ അപേക്ഷയും എത്തിയിരുന്നു. ഓരോ വർഷവും ചെലവാകുന്ന തുക, കരാർ, കമ്പനി, ഗ്യാരന്റി എന്നിവ സംബന്ധിച്ച ചോദ്യാവലിയാണു സമർപ്പിച്ചിരുന്നത്. പഞ്ചായത്ത് നൽകിയ മറുപടിയിൽ വിളക്കുകൾക്കു ഗ്യാരന്റി ഉണ്ടെന്ന മറുപടി ലഭിച്ചിട്ടുണ്ടെങ്കിലും നവീകരണത്തിനു നടപടികൾ എവിടെയുമെത്തിയിട്ടില്ല.