എരുമേലിയിലെ മതസൗഹർദതിനു മറ്റൊരു മാതൃകയായി തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിന് ഇത് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന 11-ാമത്തെ റമസാന്‍

എരുമേലിയിലെ മതസൗഹർദതിനു മറ്റൊരു മാതൃകയായി തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിന് ഇത് ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന 11-ാമത്തെ റമസാന്‍

മുക്കൂട്ടുതറ: ഇത്തവണ റമസാനിന്റെ വരവറിയിച്ച് ചന്ദ്രക്കല തെളിഞ്ഞപ്പോള്‍ തുമരംഫാര താഴത്താക്കല്‍ വീട്ടില്‍ രമേശിനത് 11-ാം വര്‍ഷത്തെ റമസാന്‍ വ്രതത്തിനുള്ള തുടക്കമാവുകയായിരുന്നു. ഹിന്ദുമത വിശ്വാസിയായ രമേശ് കഴിഞ്ഞ പത്ത് വര്‍ഷമായി മുടങ്ങാതെ റമസാന്‍ വ്രതമനുഷ്ഠിക്കുന്നു. ഇത്തവണയും ആ പതിവിന് മാറ്റമില്ല. അയല്‍വാസി വിശന്ന് വലയുമ്പോള്‍ മൃഷ്ടാന്നഭോജനം നടത്തുന്നവന്‍ ഒരിക്കലും തന്റെ അനുയായിയാകില്ലെന്ന മുഹമ്മദ് നബിയുടെ വചനമാണ് റമസാന്‍ നോമ്പനുഷ്ഠിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് രമേശ് പറഞ്ഞു. അതിന് നിമിത്തമായത് പത്ത് വര്‍ഷം മുന്‍പത്തെ പ്രവാസജീവിതമാണ്.

മുക്കൂട്ടുതറ ടൗണില്‍ ബാര്‍ബര്‍ഷോപ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് പത്ത് വര്‍ഷം മുന്‍പ് ഗള്‍ഫിലെത്തിയത്. അവിടെ എല്ലാവരും നോമ്പനുഷ്ഠിക്കുമ്പോള്‍ വിശന്നിരിക്കാന്‍ രമേശിനെ പ്രേരിപ്പിച്ചത് മുഹമ്മദ് നബിയുടെ വചനമായിരുന്നു. ആദ്യ റമസാന്‍ കാലം പൂര്‍ത്തിയാക്കിയപ്പോള്‍ ലഭിച്ച സംതൃപ്തി ഇന്നും രമേശിന്റെ മനസ്സില്‍ അണയാതെയുണ്ട്. ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി ബാര്‍ബര്‍ഷോപ്പ് നടത്തുമ്പോവും റമസാന്‍ മാസത്തെ കൈവിട്ടില്ല.

ആദ്യമൊക്കെ വിമര്‍ശിച്ചവരൊക്കെ പിന്നീട് അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചതോടെ ഓരോ റമസാനും രമേശിന്റെ സ്വന്തമായി. ബാര്‍ബര്‍ഷോപ്പിലെ ജോലിക്ക് പുറമെ റബര്‍ ടാപ്പിംഗ് കൂടി നടത്തുന്ന രമേശിന് നോമ്പുനാളുകളില്‍ ഇതുവരെ ശാരീരിക അവശതകള്‍ തോന്നിയിട്ടില്ല. പുലര്‍ച്ചെ വിളിച്ചുണര്‍ത്തി ഇടയത്താഴം നല്‍കുന്നത് ഭാര്യ ഗീതമ്മയാണ്. മക്കളായ ആര്യയും അമൃതയും അഭിജിത്തും അച്ഛന്റെ വൃതാനുഷ്ഠാനത്തെ ആദരവോടെ കാണുന്നു.

മുസ്‌ലിം സുഹൃത്തുക്കളായ ഒ. പി. നാസര്‍, കൂവക്കുന്നില്‍ ഷാജഹാന്‍ എന്നിവര്‍ക്കൊപ്പം മുക്കൂട്ടുതറ ടൗണ്‍ പള്ളിയിലെത്തിയാണ് പതിവായി നോമ്പുതുറക്കാറുള്ളത്. കട അവധിയിലുള്ള ദിവസങ്ങളില്‍ നോമ്പ് തുറക്കല്‍ തുമരംപറമ്പിലെ നമസ്‌ക്കാരപള്ളിയിലാണ്.

Ramesh-web-1