എരുമേലിയിലേക്ക് തീർഥാടക പ്രവാഹം

എരുമേലി∙ മകരവിളക്കു സീസൺ തുടക്കത്തിൽ തന്നെ പട്ടണത്തിലേക്കു തീർഥാടക പ്രവാഹം. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന തിരക്കിൽ പട്ടണത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. സീസൺ പ്രമാണിച്ചു പൊലീസിന്റെ അംഗബലം വർധിപ്പിക്കാത്തത് ആശങ്കാജനകം. സീസൺ ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കൊരട്ടി മുതൽ എരുമേലി വരെ രണ്ടു കിലോമീറ്ററിൽ വാഹനങ്ങളുടെ നീണ്ടനിര കാണാം.

കൊരട്ടിയിൽ നിന്ന് എരുമേലിയിൽ എത്താൻ വാഹനങ്ങൾ അരമണിക്കൂറിലേറെ ചെലവിടേണ്ട അവസ്ഥയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു കൂടുതലായി തീർഥാടക സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗതക്കുരുക്കു രൂക്ഷമായതോടെ ബസ് സർവീസുകൾ വഴിതിരിഞ്ഞു പോകുന്നത് യാത്രക്കാർക്കു ദുരിതമാവുകയാണ്.

കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള വണ്ടികൾ കുരുക്കിൽപ്പെടാതിരിക്കാൻ കുറുവാമൂഴി–ഓരുങ്കൽ വഴി എരുമേലിയിൽ എത്തുന്നു. അതേപോലെ എരുമേലിയിൽ നിന്നും മുക്കൂട്ടുതറ നിന്നുമുള്ള ബസുകൾ പ്രപ്പോസ് വഴി ഓടുകയാണ്. ഇതുമൂലം കൊരട്ടി, കാന്താരിവളവ്, ചെമ്പകപ്പാറ, മണിപ്പുഴ, വട്ടോൻകുഴി, വെൺകുറിഞ്ഞി മേഖലകളിലുള്ള യാത്രക്കാരാണു വണ്ടി കിട്ടാതെ വലയുന്നത്. തിരക്കു വർധിച്ചതോടെ അപകടങ്ങൾ കുറയ്ക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പും ജാഗ്രത പാലിക്കുന്നുണ്ട്.

എന്നാൽ മകരവിളക്കു സീസൺ തിരക്കു രൂക്ഷമായിട്ടും പൊലീസിന്റെ അംഗബലം വർധിപ്പിക്കാത്തതു പ്രതിഷേധം ഉയർത്തുന്നു. അപകടസാധ്യതയുള്ള പോയിന്റുകളിൽപ്പോലും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ കഴിഞ്ഞിട്ടില്ല. നൂറു പൊലീസുകാരെ മാത്രമാണ് ഇത്തവണത്തെ ഷിഫ്റ്റിൽ എത്തിച്ചിരിക്കുന്നത്. മുൻവർഷം ഇതിന്റെ ഇരട്ടി പൊലീസുകാരെയാണ് എരുമേലിയിൽ എത്തിച്ചിരുന്നത്.