എരുമേലിയില്‍ തീര്‍ഥാടകരുടെ വാഹനം പോലീസ് തടഞ്ഞു

എരുമേലി: എരുമേലിയില്‍ പാര്‍ക്കിങ് മൈതാനത്തും ഇ.എസ്.കവലയിലും ശബരിമല തീര്‍ഥാടകകരുടെ വാഹനങ്ങള്‍ പോലീസ് തടഞ്ഞു. മേലധികാരികളില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളുവെന്നാണ് പോലീസ് നിലപാട്.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. തുടര്‍ന്ന് ഭക്തര്‍ പ്രതിഷേധിക്കുകയായിരുന്നു. പത്തുമണിയോടെ തീര്‍ഥാടകരുടെ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസും കടത്തിവിടുമെന്ന് പോലീസില്‍നിന്ന് ഉറപ്പു ലഭിച്ചതായി പിന്നീട് ഭക്തര്‍ അറിയിച്ചു.

പത്തുമണിയോടെ വാഹനങ്ങള്‍ കടത്തിവിടാത്ത പക്ഷം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് ഉപരോധിക്കുമെന്ന് ഭക്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്തുമണി വരെ കാത്തുനില്‍ക്കാന്‍ തയ്യാറാണെന്നും ഭക്തര്‍ പറഞ്ഞു

പമ്പയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള പാതയുടെ നിയന്ത്രണം ഐ.ആര്‍.ബി.(റിസര്‍വ്വ് ബറ്റാലിയന്‍) ഏറ്റെടുത്തു.

ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും പോലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്.

ആറുമേഖലകളിലായി മൂവായിരം പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്.സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അമ്പതുവയസ്സിനു മുകളിലുള്ളവരാണ് ഇവര്‍. തന്ത്രി കണ്ഠരര് രാജീവരും ഒമ്പതുമണിയോടെ പമ്പയിലെത്തി.