എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന്റെ മെഡിക്കല്‍ കോളജ് സ്ഥാപിക്കും : പ്രയാര്‍ ഗോപാല കൃഷ്ണന്‍.

എരുമേലി: ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലിയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ സൗകര്യങ്ങളോടെ മെഡിക്കല്‍ കോളജ് ഉടന്‍തന്നെ സ്ഥാപിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്‍. ഇന്നലെ എരുമേലിയില്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജില്‍ ദേവസ്വം ബോര്‍ഡിന് 51 ശതമാനം ഓഹരിയുണ്ടാകും. ബാക്കി നിക്ഷേപം ഇതര ദേവസ്വം ബോര്‍ഡുകളില്‍ നിന്നും വലിയ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നുമാണ്. മെഡിക്കല്‍ കോളജിനായി ഡോക്ടര്‍മാരുടെ സംഘം നേരത്തെ പഠനം നടത്തിയിരുന്നെന്ന് പ്രസിഡന്റ് പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റില്‍ അന്യാധീനം ചെന്ന ബോര്‍ഡിന്റെ നൂറ് ഏക്കര്‍ ഭൂമിയുണ്ട്. ഇത് തിരികെ കിട്ടാന്‍ താമസമേറെയുള്ളതിനാല്‍ അനുയോജ്യമായ 25 ഏക്കര്‍ സ്ഥലം എരുമേലിയുടെ പരിസരത്തു നിന്ന് ഏറ്റെടുക്കാനാണ് പ്രധാന പരിഗണന നല്‍കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്നത് എരുമേലിയില്‍ മെഡിക്കല്‍ കോളജ് വരുന്നതോടെ സഫലമാകും. എരുമേലിയിലെ ദേവസ്യം ബോര്‍ഡ് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരന്‍ എന്‍ഡോഡ്‌മെന്റ് വിതരണം ചെയ്തു. ദേവസ്വം സെക്രട്ടറി ജയകുമാര്‍, പഞ്ചായത്ത്പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, ദേവസ്വം സെക്രട്ടറി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലൗലി സൈമണ്‍, പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സുബ്രഹ്മണ്യന്‍, രജിനി ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.