എരുമേലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിരവധി

നിരക്കുകള്‍ ഏകീകൃതമല്ല

എരുമേലി: തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളും ശൗചാലയങ്ങളും പാര്‍ക്കിങ്ങ് മൈതാനങ്ങളും നിരവധി. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് എരുമേലിയിലെ ഒട്ടുമിക്ക ശൗചാലയങ്ങള്‍ക്കും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയത്.

പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി കടകളും ഉണ്ട്. ഭക്ഷണ ശാലകളിലേയും ശൗചാലയ സമുച്ചയങ്ങളിലേയും പാര്‍ക്കിങ്ങ് മൈതാനങ്ങളിലേയും നിരക്കുകള്‍ ഏകീകരിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലായെന്നാണ് ആക്ഷേപം ഉയരുന്നത്. വിജിലന്‍സ് സംഘം വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മൂന്ന് ശൗചാലയ, പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ് ഉള്ളൂവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എരുമേലിയില്‍ സ്വകാര്യവ്യക്തികളുടെയടക്കം നിരവധി പാര്‍ക്കിങ്ങ്, ശൗചാലയ കേന്ദ്രങ്ങളാണുള്ളത്. പ്രധാനശൗചാലയ സമുച്ചയങ്ങള്‍ക്കുപോലും പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ല. ഇതന്വേഷിക്കാന്‍ പഞ്ചായത്തധികൃതരും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

ശൗചാലയസമുച്ചയങ്ങള്‍, പാര്‍ക്കിങ്ങ് മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ നിരക്കുകള്‍ പലവിധമാണെന്നാണ് വ്യാപക പരാതി. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ സംബന്ധിച്ചും നിരക്കിലെ ഏകീകൃതമില്ലായ്മയും സംബന്ധിച്ച് വിജിലന്‍സ് സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരിക്കുകയാണ്.

വിജിലന്‍സ് സ്‌ക്വാഡ് ചാര്‍ജ് ഓഫീസര്‍ വിജയസേനന്‍, ഷാഹുല്‍ ഹമീദ്, നാരായണന്‍, യൂജിന്‍ ഫാസില്‍, ദേവസ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.