എരുമേലിയില്‍ 400 പാക്കറ്റ്‌ ഹാന്‍സുമായി വ്യാപാരി പോലീസ്‌ പിടിയില്‍

കാഞ്ഞിരപ്പള്ളി: നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ്‌ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എരുമേലിയില്‍ വ്യാപാരി പോലീസ്‌ പിടിയില്‍. ഹാന്‍സ്‌ വാങ്ങാനെന്ന വ്യാജേന എത്തിയ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എരുമേലി ടൗണില്‍ വ്യാപാര സ്‌ഥാപനം നടത്തുന്ന ചരള സ്വദേശി തെങ്ങുംമൂട്ടില്‍ ഷുക്കൂര്‍ (45) ആണ്‌ പിടിയിലായത്‌. ഇയാളുടെ സ്‌ഥാപനത്തില്‍ നിന്ന്‌ 400 പാക്കറ്റ്‌ ഹാന്‍സും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

ദിവസേന 250 പാക്കറ്റുകള്‍ വരെ ഇയാള്‍ കച്ചവടം നടത്തിയിരുന്നതായി പോലീസ്‌ പറഞ്ഞു. ചില്ലറ വില്‍പനയ്‌ക്ക്‌ പുറമെ മറ്റ്‌ ചെറുകിട വില്‍പനക്കാര്‍ക്ക്‌ കച്ചവടത്തിനും ഇയാള്‍ ഹാന്‍സ്‌ വിറ്റിരുന്നതായും പോലീസ്‌ പറഞ്ഞു.

നിരോധിത ഉല്‍പന്നമായതിനാല്‍ നാലിരട്ടി വിലയ്‌ക്കാണ്‌ വില്‍പന. അന്യ സംസ്‌ഥാന തൊഴിലാളികളും വിദ്യാര്‍ഥികളുമായിരുന്നു ഇയാളുടെ പ്രധാന ഉപഭോക്‌താക്കള്‍. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്‌.പി: കെ.യു.ചകുര്യാക്കോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഷാഡോ പോലീസ്‌ എ.എസ്‌.ഐമാരായ പി.വി. വര്‍ഗീസ്‌, ഒ.എം. സുലൈമാന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ മുഹമ്മദ്‌ നൗഷാദ്‌, കെ.എസ്‌. അഭിലാഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.