എരുമേലിയില്‍ 99 സ്ഥാനാര്‍ഥികള്‍

എരുമേലി: 256 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ച എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ 31 പേര്‍ പത്രികകള്‍ പിന്‍വലിച്ചു. രണ്ട് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ വരണാധികാരി തള്ളിയിരുന്നു. പിന്‍വലിക്കല്‍ സമയം കഴിഞ്ഞതോടെ എരുമേലിയിലെ ചിത്രം വ്യക്തമായി.

എരുമേലി പഞ്ചായത്തില്‍ 99 പേരാണ് സ്ഥാനാര്‍ഥികളായി രംഗത്തുള്ളത്. യു.ഡി.എഫിനുള്ളിലെ വിമതവിഭാഗത്തില്‍ ഏറിയവരും പത്രിക പിന്‍വലിച്ചെങ്കിലും, കിഴക്കേക്കര, കണമല, എലിവാലിക്കര വാര്‍ഡുകളില്‍ വിമതശല്യം ഉണ്ട്. മുന്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളി മാത്യു, പഞ്ചായത്തംഗം രജിതമോള്‍ പ്രകാശ്, ബീന തുടങ്ങിയവര്‍ പത്രിക പിന്‍വലിച്ചവരിലുള്‍പ്പെടുന്നു. സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സെക്യുലര്‍ എല്‍.ഡി.എഫിന് പൂര്‍ണ പിന്തുണ നല്കുമെന്നാണ് സൂചന. സാമുദായിക സംഘടനകളോട് സഖ്യം പുലര്‍ത്തുന്ന ആര്‍.എസ്.പി., യു.ഡി.എഫിന് തലവേദന സൃഷ്ടിച്ചേക്കും.

ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ ലതാ രാധാകൃഷ്ണന്‍(ബി.ജെ.പി.), ശാലിനി ജയ്‌മോന്‍(എല്‍.ഡി.എഫ്.), മാഗി ജോസഫ്(യു.ഡി.എഫ്.)എന്നിവരാണ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസ്സില്‍ തര്‍ക്കവിഷയമായ എരുമേലി ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബിനു മറ്റക്കരയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ റജി അമ്പാറയും രംഗത്തുണ്ട്.

കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക നല്കിയ മുക്കൂട്ടുതറ വാര്‍ഡില്‍ വിമതരിലേറെയും പത്രികകള്‍ പിന്‍വലിച്ചു. എരുമേലി പഞ്ചായത്തില്‍ 16,18,19വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളുടെ എണ്ണം കൂടുതല്‍. രണ്ട് വാര്‍ഡുകളിലും ആറ് പേര്‍വീതമാണ് മല്‍സരരംഗത്തുള്ളത്.