എരുമേലിയിൽ ഐ ജി അശോക് യാദവ് ചുമതലയേറ്റു : ഒപ്പം 14 വരെ എസ് പി വി.ജി വിനോദ് കുമാറും.

എരുമേലി : ശബരിമല തീർത്ഥാടക സേവനത്തിന് ആദ്യഘട്ട പോലീസ് തന്നെ 14 വരെ എരുമേലിയിൽ ഡ്യൂട്ടിക്കുണ്ടാകും. അതേസമയം സുരക്ഷാ ചുമതലകളുടെ മേൽനോട്ടത്തിൽ മാറ്റം വരുത്തി. ഐ.ജി അശോക് യാദവ്, എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവർ എരുമേലിയിൽ മേൽനോട്ട ചുമതലയേറ്റു. ഇരുവരും എരുമേലി പോലീസ് സ്റ്റേഷനിൽ സ്ഥിതിഗതികൾ വിലയിരുത്തി.

യുവതീപ്രവേശന പ്രശ്നങ്ങൾ കെട്ടടങ്ങിയതിന്റെ സൂചനകളുണ്ടെങ്കിലും ഇത് ഒരുപക്ഷെ വീണ്ടും പ്രശ്നങ്ങൾ സൃഷ്‌ടിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അത് കൊണ്ട് പോലീസിന്റെ അംഗബലത്തിൽ കുറവ് വരുത്തേണ്ടന്നാണ് തീരുമാനം. ഇത് വരെ ഡിഐജി അനൂപ് കുരുവിള ജോൺ ആയിരുന്നു സുരക്ഷാ ചുമതലകളുടെ മേൽനോട്ടം വഹിച്ചിരുന്നത്. ഈ സ്ഥാനത്തേക്ക് 14 വരെ ഇന്‍റലിജെന്‍സ് ഐ.ജി അശോക് യാദവ് ആണ് ഇനി നേതൃത്വം നൽകുക.

ഇത് വരെ സ്പെഷ്യൽ ഓഫീസറുടെയും പോലീസ് കണ്‍ട്രോളറുടെയും ചുമതല വഹിച്ചിരുന്ന ക്രൈം ബ്രാഞ്ച് എസ് പി സാബു മാത്യുവിന് പകരം ഇനി 14 വരെ ചുമതല വഹിക്കുന്നത് എന്‍.ആര്‍.ഐ സെല്‍ എസ്.പി വി.ജി വിനോദ് കുമാര്‍ ആണ്. ഒപ്പം കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ക്രമസമാധാന ചുമതല വഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻ, പുണ്യം പൂങ്കാവനം പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ എന്നിവർക്ക് പുറമെ നാല് സിഐ, എട്ട് എസ് ഐ ഉൾപ്പടെ തീർത്ഥാടനകാല തുടക്കം മുതലുള്ള 600 അംഗ പോലീസ് സേനയാണ് 14 വരെ ഡ്യൂട്ടി ചെയ്യുക. 14 ന് ശേഷം പോലീസ് തലപ്പത്ത് മൂന്നാം ഘട്ടവും പോലീസിന്റെ അംഗബലത്തിൽ രണ്ടാം ഘട്ടവും ആരംഭിക്കും.