എരുമേലിയിൽ കുട്ടികള്‍ക്ക് മദ്യം നല്‍കിയ പിതാവിനെ പിടികൂടി , കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

എരുമേലി : കുട്ടികള്‍ക്ക് പിതാവ് അമിതമായി മദ്യം നല്‍കി. ഗുരുതരാവസ്ഥയിലായ കുട്ടികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി. മദ്യലഹരിയിലായിരുന്ന പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ മുക്കട ചാരുവേലിയിലാണ് സംഭവം. പ്ലാത്തോട്ടം വീട്ടില്‍ ഗിരീഷ് (45) ആണ് പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ മക്കളായ ജിഷ്ണു (8), വിശാഖ് (7) എന്നിവരാണ് മദ്യം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയിലായത്. കുട്ടികള്‍ക്ക് പിതാവാണ് മദ്യം നല്‍കിയതെന്ന് പറയുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണിമല എസ്.ഐ. ഇന്ദ്രരാജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കുട്ടികളെ അമ്മക്കൊപ്പം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. അമ്മയുടെ മൊഴി രേഖപ്പെടുത്തി പിതാവിനെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.