എരുമേലിയിൽ പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മം നല്‍കിയ പതിനാലുകാരിക്ക് പീഡനം പുറത്തു പറഞ്ഞതിനു കുത്തേറ്റു

എരുമേലിയിൽ പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മം നല്‍കിയ പതിനാലുകാരിക്ക്  പീഡനം പുറത്തു പറഞ്ഞതിനു കുത്തേറ്റു

എരുമേലി :- പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മം നല്‍കിയ പതിനാലുകാരിക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിതൃസഹോദരനെ പൊലീസ് അന്വേഷിച്ചു വരുന്നു.

എരുമേലിയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടതാണ് പെണ്‍കുട്ടി. ശനിയാഴ്ച രാത്രി പിതൃ സഹോദരന്‍ ജയദാസ് കുട്ടിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. വയറിനു കുത്തേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ വാര്‍ഡിലേക്ക് മാറ്റി.

എരുമേലിയിൽ വന്നു താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പു നാടു വിട്ടുപോയതാണ്. പിതാവിന്റെ സഹോദരനായിരുന്നു പെണ്‍കുട്ടിയെയും കുടുംബത്തെയും സംരക്ഷിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ പഠിച്ച പെണ്‍കുട്ടി 13-ാം വയസില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് പുറംലോകമറിയാതെ പെണ്‍കുട്ടിയെ വീട്ടുകാര്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവിടെ വച്ചാണ് കുട്ടി പ്രസവിച്ചത്. എന്നാല്‍ ആ നാട്ടിലുള്ളവര്‍ക്ക് സംശയം തോന്നിയതോടെ ജയദാസ് പെണ്‍കുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. പുറംലോകമറിയാതിരിക്കാന്‍ വീടിനു വെളിയില്‍ ഇറക്കിയിരുന്നില്ലെന്നും സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വിഷയത്തെകുറിച്ചു സംസാരിച്ച ജയദാസ് കുട്ടിയുമായി കലഹിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

കുത്തേറ്റെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷിക്കാനെത്തിയപ്പോഴാണ് പീഡനകഥകളും മറ്റു വിവരങ്ങളും പുറത്തറിഞ്ഞത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അന്വേഷിക്കാനെത്തിയത്. സംഭവത്തിന്റെ ഗൗരവത്തെ തുടര്‍ന്ന് ഇദ്ദേഹം കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത ശേഷം തിരികെ പോന്നു. പെണ്‍കുട്ടി പട്ടികജാതിക്കാരിയും പ്രായപൂര്‍ത്തിയാകാത്തതിനാലും സിഐ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ മൊഴി രേഖപ്പെടുത്തുകയുള്ളു. കൂടാതെ വനിതാ പൊലീസിന്റെ സാന്നിധ്യവും ഉണ്ടാകണം. പെണ്‍കുട്ടി പ്രസവിച്ചതാണെന്ന് സംശയും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇക്കാര്യവും പീഡനത്തിനിരയായ വിവരവും അന്വേഷിക്കും. കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതായും പ്രതിയെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കുത്തേറ്റ പെണ്‍കുട്ടിയെയും പത്തുമാസം പ്രായമുള്ള കുഞ്ഞിനെയും കോട്ടയം നവജീവന്‍ ട്രസ്റ്റ് ഏറ്റെടുത്തു. ഇവരുടെ ചികിത്സാ ചിലവുകളും ട്രസ്റ്റ് കൈകാര്യം ചെയ്യും. ഇവരെ ശുശ്രൂഷിക്കുന്നതിനായി ആളെയും ആസ്പത്രിയില്‍ നിയോഗിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
peedanam