എരുമേലിയിൽ രണ്ടപകടം, നാലു പേർക്ക് പരുക്കേറ്റു

എരുമേലി ∙ ശബരിമല പാതയിലും കണ്ണിമലയിലും ചരക്ക് വാഹനങ്ങൾ മറിഞ്ഞു നാലു പേർക്ക് പരുക്കേറ്റു.

ശബരിമല പാതയിൽ എംഇഎസ് കോളജിനു സമീപം ടിൻഫുഡ് കമ്പനിയുടെ വാൻ മറിഞ്ഞ് പാമ്പാടി വെള്ളറയിൽ വട്ടക്കുന്നേൽ സോജിമോൻ (44), പാറയ്ക്കൽ സുരേഷ്(45), വെള്ളൂർ കൊച്ചുപറമ്പിൽ ജോസഫ് വർഗീസ്(47) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലി–മുണ്ടക്കയം പാതയിൽ കണ്ണിമലയ്ക്ക് സമീപം ലോറി മറിഞ്ഞ് കമ്പം സ്വദേശി സെൽവരാജിന്(50) പരുക്കേറ്റു. ഇന്നലെ പകൽ 1.30നായിരുന്നു എംഇഎസ് കോളജ് കവലയ്ക്കു സമീപം അപകടം നടന്നത്. കടകളിൽ ഭക്ഷ്യവസ്തു വിതരണത്തിനു പോവുകയായിരുന്ന വാൻ ആണ് തിരക്കേറിയ പാതയിൽ മറിഞ്ഞത്. പൊതുമരാമത്ത് വിഭാഗം സ്ഥാപിച്ച സിഗ്നൽ ബോർഡിലും കയ്യാലയിലും ഇടിച്ച വണ്ടി റോഡിലേക്ക് വിലങ്ങനെ വീഴുകയായിരുന്നു.

ഒരു വശം ചരിഞ്ഞു കിടന്ന വാനിൽനിന്ന് ഏറെ പണിപ്പെട്ടാണ് ജീവനക്കാരെ ഇതുവഴി വന്ന വാഹനയാത്രക്കാർ പുറത്തിറക്കിയത്. അപകടശബ്ദം കേട്ട് പരിസരത്തുള്ളവരും ഓടിയെത്തി. അപകടത്തെ തുടർന്ന് ശബരിമല പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തീർഥാടക വാഹനങ്ങൾ എംഇഎസ് – പ്രപ്പോസ് വഴി തിരിഞ്ഞുപോയതിനാൽ രൂക്ഷമായ ഗതാഗത പ്രശ്നം ഉണ്ടായില്ല. മ

റ്റൊരു വാഹനം മറികടന്നു വരുന്നത് കണ്ട് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

കണ്ണിമലയിൽ വെളുപ്പിന് കുത്തുകയറ്റം കയറുന്നതിനിടെ പിന്നിലേക്ക് ഉരുണ്ടാണ് ലോറി അപകടത്തിൽപ്പെട്ടത്. കമ്പത്തു നിന്നു കരിക്കുമായി ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു ലോറി. അപകടത്തെ തുടർന്ന് കരിക്കുകൾ റോഡിലും പറമ്പിലുമായി വീണു ചിതറി. കഴിഞ്ഞ ആഴ്ചയും കണ്ണിമലയ്ക്കു സമീപം കരിക്കുമായി വന്ന ലോറി മറിഞ്ഞിരുന്നു