എരുമേലിയിൽ വണ്‍വേസംവിധാനം: ക്രമീകരണങ്ങള്‍ തുടങ്ങി; തീര്‍ത്ഥാടകരെ ചൂഷണംചെയ്താല്‍ കര്‍ശന നടപടി

എരുമേലി: ചൊവ്വാഴ്ച മണ്ഡലകാലം ആരംഭിക്കുമെന്നിരിക്കെ, എരുമേലിയില്‍ തിരക്ക് കുറയ്ക്കാനുതകുന്നരീതിയില്‍ വണ്‍വേ സംവിധാനത്തിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. പേട്ടക്കവലയില്‍നിന്ന് ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള പേട്ടതുള്ളല്‍പാതയെ രണ്ട് ഭാഗങ്ങളായി തിരിച്ച് ഡിവൈഡറുകള്‍ സ്ഥാപിച്ച് തുടങ്ങി. ചൊവ്വാഴ്ച മുതല്‍ ഇടതുവശത്തുകൂടി ഒരുഭാഗത്തേക്കുമാത്രമേ വാഹനങ്ങള്‍ കടത്തിവിടൂ. വലതുവശം ഭക്തര്‍ക്ക് പേട്ടതുള്ളാനായി പൂര്‍ണ്ണമായി ഒഴിച്ചിടും. പേട്ടതുള്ളലിന് തടസ്സമാകുന്ന തരത്തില്‍ കച്ചവടക്കാര്‍ റോഡിലിറങ്ങി ഭക്തരെയോ,ഭക്തരുടെ വാഹനങ്ങളോ ക്യാന്‍വാസ് ചെയ്യാന്‍ പാടില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. വണ്‍വേ സംവിധാനം രാത്രി സമയങ്ങളില്‍ അട്ടിമറിക്കാതിരിക്കാന്‍ രാത്രിയിലും നിരീക്ഷണമുണ്ട്.

വണ്‍വേ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ടി.ബി. റോഡിന്റെ പുനരുദ്ധാരണജോലികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. വെച്ചൂച്ചിറ,റാന്നി,മുക്കൂട്ടുതറ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ടി.ബി.റോഡ് വഴിയാണ് തിരിച്ച് വിടുന്നത്. പമ്പയില്‍നിന്ന് തിരികെവരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ ടൗണിലെത്താതെ ചേനപ്പാടി വഴിയും തീര്‍ത്ഥാടകവാഹനങ്ങള്‍ എം.ഇ.എസ്‌-െപ്രാപ്പോസ്-കണ്ണിമലവഴിയും തിരിച്ച് വിടും. പോലീസിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഞ്ഞൂറോളം പോലീസുകാരാണ് ആദ്യഘട്ടത്തിലുള്ളത്. പോലീസ്,റവന്യുകണ്‍ട്രോള്‍ റുമുകള്‍,താല്കാലിക ആസ്​പത്രി,ഫയര്‍ഫോഴ്‌സ്, തുടങ്ങിയവ തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കും.

കച്ചവടസ്ഥാപനങ്ങള്‍,പാര്‍ക്കിങ്ങ് മൈതാനങ്ങള്‍,ശൗചാലയങ്ങള്‍ എന്നിവിടങ്ങളില്‍ അമിത നിരക്കീടാക്കിയാല്‍ കേസ് എടുക്കാനും തീരുമാനമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള നേതാക്കളുടെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നില്ലെന്ന് മുന്‍വര്‍ഷം വ്യാപക പരാതികളാണ് മറ്റ് കച്ചവടക്കാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്. ഇക്കുറി ഇതും ചര്‍ച്ചാവിഷയമാകും. കാലാകാലങ്ങളില്‍ എരുമേലിയില്‍ അയ്യപ്പഭക്തര്‍ കടുത്ത ചൂഷണത്തിന് വിധേയമാകുന്നതായി ആക്ഷേപം നിലനില്‍ക്കേ, ഇക്കുറി ഇതൊഴിവാക്കാനാണ് വകുപ്പ്തലങ്ങളിലുള്ള ശ്രമം. ഇതിന്റെ ആദ്യപടിയായി ഓരോ കടയുടെയും ഉടമകളുെടയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. കടകള്‍ക്ക് നമ്പര്‍നല്‍കാനും തീരുമാനമുണ്ട്.

പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇക്കുറി എരുമേലിയില്‍ പ്ലാസ്റ്റിക് കൂടുകള്‍ക്കും നിരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്,
മേഖലയിലെ ശൗചാലയങ്ങളുടെ നിലവാരവും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ജനങ്ങളുടെ പ്രധാനആവശ്യം. ശൗചാലയ മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കപ്പെടുന്നുവെന്നതു സംബന്ധിച്ചും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. തീര്‍ത്ഥാടനകാലം എരുമേലിയെ കച്ചവടക്കാലമായി കാണരുതെന്നാണ് ജനങ്ങളുടെ ആവശ്യം.

മണ്ഡലകാലം ചൊവ്വാഴ്ചയാണ് തുടങ്ങുന്നതെങ്കിലും ഞായറാഴ്ചമുതലേ എരുമേലിയില്‍ തീര്‍ത്ഥാടകരെത്തി പേട്ടതുള്ളി മലയാത്ര ആരംഭിച്ചു.