എരുമേലിയിൽ വിമത സ്ഥാനാർഥികൾ ഇരു മുന്നണികളുടെയും ഉറക്കംകെടുത്തുന്നു

എരുമേലി∙ വാർഡ് തല തിരഞ്ഞെടുപ്പുകളിൽ രംഗപ്രവേശം ചെയ്ത വിമത സ്ഥാനാർഥികൾ ഇരു മുന്നണികളുടെയും ഉറക്കംകെടുത്തുന്നു. ആദ്യഘട്ടത്തിൽ പിൻനിരയിൽ നിന്ന ഇവർ വീടുവീടാന്തരം കയറിയിറങ്ങി ഊർജിതമായ പ്രചാരണം തുടങ്ങിയതോടെ അപ്രതീക്ഷിത വിജയങ്ങൾക്കു കളമൊരുങ്ങുന്നതായി സൂചന. സ്വന്തം മുന്നണിയിലുള്ള സ്ഥാനാർഥിയുടെ വോട്ട് ചോരുന്നതോടെ മറുപക്ഷം അനായാസം ജയിച്ചുകയറുന്നതിനും ഇത് ഇടയാക്കും. പത്രിക പിൻവലിച്ച വിമതരും അടങ്ങിയിരിക്കുന്നില്ലെന്നാണു സൂചന. എരുമേലി പഞ്ചായത്തിൽ മുൻപൊരിക്കലും കാണാത്ത വിധമുള്ള വിമതശല്യമാണ് ഇത്തവണ ദൃശ്യമാകുന്നത്.

വിമതർ പത്രിക സമർപ്പിച്ചപ്പോൾ വിരട്ടൽ മാത്രമെന്നാണ് ഇരു മുന്നണികളും കരുതിയത്. എന്നാൽ ഇവർ പത്രിക പിൻവലിച്ചില്ലെന്നു മാത്രമല്ല, മുന്നണി സ്ഥാനാർഥികളെപ്പോലെ പ്രചാരണത്തിൽ മുന്നേറുകയുമാണ്. ഇവർക്കെതിരെ നടപടി എടുക്കാനും കഴിഞ്ഞിട്ടില്ല. എരുമേലി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലാണു വിമതശല്യം രൂക്ഷമായിരിക്കുന്നത്. പടിഞ്ഞാറൻ മേഖലയിലെ കിഴക്കേക്കരയിൽ വിമതനുമായി കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ച ചെയ്തിട്ടും ഫലമുണ്ടായില്ല. പ്രപ്പോസ് വാർഡിൽ മുൻപ് ഇടതു സ്വതന്ത്രയായി വിജയിച്ച വനിത ഉൾപ്പെടെയാണു വിമത പട്ടികയിൽ ഇടംനേടിയിരിക്കുന്നത്.

എലിവാലിക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വിമതനായി യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് സിഎസ്ഡിഎസിന്റെ ടിക്കറ്റിൽ മൽസരിക്കുന്നു. കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന വ്യക്തിയും മൽസരരംഗത്തുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന വ്യക്തി പാക്കാനത്തു വിമതഭീഷണി സൃഷ്ടിക്കുന്നു. പമ്പാവാലി വാർഡിലാകട്ടെ, വിമതശല്യം മൂലം ത്രികോണ മൽസരത്തിന് കളമൊരുങ്ങി. വിമത സാന്നിധ്യം വോട്ടുകൾ ഭിന്നിപ്പിക്കാനും അപ്രതീക്ഷിത വിജയങ്ങൾക്കും കാരണമാകുമെന്ന് വ്യക്തമാണ്. എരുമേലിയിൽ ഏതെങ്കിലും മുന്നണിക്കു ശക്തമായ മുൻതൂക്കമില്ലാത്തതിനാൽ നേരിയ വോട്ടിങ് ശതമാന വ്യത്യാസം പോലും പ്രശ്നമാവും. ഇത് ഇരുമുന്നണികൾക്കും അങ്കലാപ്പുണ്ടാക്കുകയും ചെയ്യുന്നു.