എരുമേലിയിൽ വെള്ളമെത്തും; തെക്ക് ജലവിതരണ പദ്ധതി ഉദ്ഘാടനം 20ന്

എരുമേലി ∙ 60 കോടി ചെലവിട്ട് നടപ്പാക്കുന്ന എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ പരീക്ഷണ ഓട്ടം വിജയകരമായി. ഒന്നാം ഘട്ട ഉദ്ഘാടനം 20ന് നാലിന് എരുമേലിയിൽ മന്ത്രി മാത്യു ടി. തോമസ് നിർവഹിക്കും. പെരുന്തേനരുവി ഡാമിന് സമീപത്തെ മൂന്ന് പമ്പ് സെറ്റുകളും പ്രവർത്തനക്ഷമമാവാതിരുന്നതിനെ തുടർന്ന് മാറ്റി വച്ച ഉദ്ഘാടനമാണ് 20ന് നടക്കുക.

മണ്ഡല കാലം ആരംഭിക്കും മുൻപ് എരുമേലി ടൗണിൽ വെള്ളം എത്തിക്കുമെന്ന വാഗ്ദാനം നാലു ദിവസം വൈകിയാണെങ്കിലും ഇതോടെ യാഥാർഥ്യമാവുകയാണ്. തിങ്കൾ രാത്രി തകരാർ പരിഹരിച്ചതോടെയാണ് ചാത്തൻതറ ഇടത്തിക്കാവ് പെരുന്തേനരുവി ഡാം റിസർവോയറിൽ നിന്നുള്ള വെള്ളം ആറു കിലോമീറ്റർ അകലെ എംഇഎസ് കോളജിന് സമീപത്തെ സംഭരണിയിൽ എത്തിച്ചത്. സംഭരണിയിൽ എത്തിച്ച ലക്ഷക്കണക്കിന് ലീറ്റർ വെള്ളം ശുചീകരണ പ്രക്രിയയുടെ ഭാഗമായി പുറത്തേക്കൊഴുക്കുകയും ചെയ്തു.

പെരുന്തേനരുവിയിലെ പമ്പ് ഹൗസിൽ വൈദ്യുതി എത്തിയത് രണ്ടു ദിവസം മുൻപാണ്. വർഷങ്ങൾക്കു മുൻപാണ് പമ്പ് ഹൗസിൽ പമ്പ്സെറ്റ് സ്ഥാപിച്ചത്. പമ്പാനദിയിലെ പെരുന്തേനരുവി ഡാമിൽ നിന്ന് ചാത്തൻതറ, ഓലക്കുളം, മാറിടം കവല വഴിയാണ് എംഇഎസ് കോളജിന് സമീപമുള്ള സംഭരണിയിൽ വെള്ളമെത്തിക്കുന്നത്. ഇവിടെത്തന്നെയാണ് ശുദ്ധീകണ പ്ലാന്റും പ്രവർത്തിക്കുക.