എരുമേലിയിൽ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ ക്ലീനർ ഉപദ്രവിച്ചു എന്ന് ആരോപിച്ചു പിതാവും ബസ്‌ ജീവനക്കാരും തമ്മിൽ കയ്യാങ്കളി, ഇരു കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു

എരുമേലി∙ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ നിന്നു കിളി കൈയിൽ പിടിച്ച് ഇറക്കി വിട്ടെന്നും അടിച്ചെന്നുമുള്ള ആരോപണത്തിന് പിന്നാലെ ബസിനുള്ളിൽ കൂട്ടയടി. കിളിക്കും പെൺകുട്ടിയുടെ പിതാവിനും മർദനമേറ്റു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് കസ്റ്റഡിയിലെടുത്തു.‍

വ്യാഴം രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വിദ്യാർഥിനിക്ക് മണിപ്പുഴ കവലയിലാണ് ഇറങ്ങേണ്ടിയിരുന്നത്. കവലയിൽ ബസ് നിർത്തിയപ്പോൾ കുട്ടിയുടെ കൈകളിൽ പിടിച്ച് കിളി പുറത്തേക്കിറക്കുന്നതിനിടെ അടിച്ചെന്നാണു പരാതി. മോശമായി സംസാരിച്ചതായും പറയുന്നു.

വൈകിട്ട് വീട്ടിലെത്തിയ കുട്ടി ഇക്കാര്യം പിതാവിനോട് പറഞ്ഞു. ഇന്നലെ രാവിലെ എരുമേലിയിൽനിന്ന് ബസിൽ കയറിയ പിതാവ് ഇക്കാര്യം കിളിയോട് ചോദിച്ചു. തുടർന്നു വാക്കേറ്റവും കയ്യാങ്കളിയുമായെന്നു യാത്രക്കാർ പറയുന്നു. എരുമേലി പട്ടണത്തിലെ തിരക്ക് മൂലം ബസ് സർവീസ് വൈകിയാണ് ഓടുന്നതെന്നും ഇത് പരിഹരിക്കാൻ ധൃതി കൂട്ടുന്നതിനിടെ കുട്ടിയെ പെട്ടെന്ന് ഇറക്കി വിടുകയായിരുന്നെന്നുമാണ് കിളി പറയുന്നത്.

സംഭവം അറിഞ്ഞ് എരുമേലി എസ്ഐ കെ.ആർ. സതീഷ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഇരുകൂട്ടർക്കുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത ബസ് പിന്നീട് വിട്ടുകൊടുത്തു.